
'പരം സുന്ദരി' എന്ന ഹിന്ദി ചിത്രത്തിലെ മലയാളി കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിക്കൊണ്ട്, സിനിമയെ വിമർശിച്ച് വീഡിയോകൾ ചെയ്ത യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും എതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകിയത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. കലാപരമായ വിമർശനങ്ങളെയും പ്രതികരണങ്ങളെയും നിശബ്ദമാക്കാൻ ശ്രമിക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതിഷേധം ഉയർന്നു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപണമുയരുന്നുണ്ട്.
നിരവധി ഇൻഫ്ളുവൻസേഴ്സ് ചിത്രത്തിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ വിമർശനാത്മക വീഡിയോകൾക്കാണ് കോപ്പിറൈറ്റ് ക്ലെയിം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മലയാളി കഥാപാത്രത്തെക്കുറിച്ചുള്ള അശാസ്ത്രീയമായ ചിത്രീകരണം, ഉച്ചാരണത്തിലെ പ്രശ്നങ്ങൾ, ശരീരഭാഷയിലെ അപാകതകൾ എന്നിവയെല്ലാം ചൂണ്ടിക്കാട്ടി ഇവർ വീഡിയോകൾ ചെയ്തിരുന്നു. എന്നാൽ, സിനിമയുടെ ക്ലിപ്പുകൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് അണിയറപ്രവർത്തകർ നൽകിയ പരാതിയിന്മേൽ സോഷ്യൽ മീഡിയയിൽ അവ കോപ്പി റൈറ്റ് സ്ട്രൈക്കിനു വിധേയമാവുകയായിരുന്നു.
ഈ നടപടി, വിമർശനങ്ങളെ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണെന്നും, സിനിമയുടെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുമെന്നും ചലച്ചിത്ര ലോകം വിലയിരുത്തുന്നു.നിരൂപണങ്ങളും പ്രതികരണങ്ങളും 'ഫെയർ യൂസ്' പരിധിയിൽ വരുന്നതാണെന്നും, അതിനെ കോപ്പിറൈറ്റ് ലംഘനമായി ചിത്രീകരിക്കുന്നത് തെറ്റായ പ്രവണതയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അണിയറപ്രവർത്തകരുടെ ഈ നീക്കം വിമർശനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ പലരും ഇൻഫ്ലുവൻസർമാർക്ക് പിന്തുണയുമായി രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഇത്തരം നടപടികളെ ശക്തമായി എതിർക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ സംഭവം, ഒരു കലാസൃഷ്ടി പുറത്തിറങ്ങിയതിന് ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പ്രേക്ഷകർക്കുള്ള അവകാശത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. കോപ്പിറൈറ്റ് സ്ട്രൈക്കുകൾ നൽകി വിമർശനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം, അത്തരം വിമർശനങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുന്നതാണ് ആരോഗ്യപരമായ ഒരു നിലപാടെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഒരു സിനിമയെക്കുറിച്ചുള്ള സംവാദങ്ങൾ ഒരു ജനാധിപത്യപരമായ ഇടമായി കണക്കാക്കണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു
കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള് ചിത്രീകരിച്ചത് എന്നാണ് റിപ്പോര്ട്ടുകള്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.
content highlights : Janhvi Kapoor's Param Sundari team facing controversy for claiming copyright on criticisms