200 കോടി വേണ്ട ! സാലറിയും വേണ്ട, പക്ഷെ കോടികൾ പോക്കറ്റിലാകും; AK64-ൽ പുതിയ കരാറുമായി അജിത്ത് ?

നേരത്ത അജിത്ത് കൂടിയ പ്രതിഫലം ചോദിച്ചപ്പോള്‍ പല നിര്‍മാതാക്കളും പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

200 കോടി രൂപ പ്രതിഫലം ചോദിച്ച് ഞെട്ടിച്ചതിന് ശേഷം പുതിയ ബിസിനസ്സ് രീതികളുമായി തമിഴ് നടൻ അജിത്ത് കുമാർ. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുന്നത്.

ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്

'ഗുഡ് ബാഡ് അഗ്ലി'യുടെ ഈ വിജയത്തിന് ശേഷം, അജിത്തിന്റെ അടുത്ത ചിത്രമായ 'എകെ64' നെക്കുറിച്ചുള്ള വാർത്തകൾക്ക് ആരാധകർക്കിടയിൽ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. 'എകെ64' സംവിധാനം ചെയ്യാൻ പലരും മത്സരിച്ചിരുന്നുവെങ്കിലും അജിത്ത് ആദിക്ക് രവിചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സംവിധാനശെെലിയിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അജിത്തിന് വലിയ മതിപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ പ്രാഥമിക ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ' ജിവി പ്രകാശ് സംഗീതം നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ഒരു പ്രമുഖ നിർമ്മാണ കമ്പനി 'എകെ64' നിർമ്മിക്കാൻ തയ്യാറായിരുന്നു. എന്നാൽ, അജിത്ത് 200 കോടി രൂപ പ്രതിഫലം ചോദിച്ചപ്പോൾ പലരും പിന്മാറി.

തുടർന്ന് അജിത്തിന്റെ ചില സിനിമകളുടെ വിതരണക്കാരനായ രാഹുൽ നിർമ്മാതാവായി എത്തുകയായിരുന്നു. 200 കോടി രൂപ എങ്ങനെ നൽകുമെന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. ഇവിടെയാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. രാഹുൽ അജിത്തുമായി ഒരു പുതിയ കരാർ ഒപ്പിട്ടെന്നും, അത് ശമ്പളം ഇല്ലാത്ത കരാറാണെന്നും റിപോർട്ടുകൾ പറയുന്നു.

ഇതനുസരിച്ച്, സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വഴി ലഭിക്കുന്ന എല്ലാ വരുമാനവും അജിത്തിന് ലഭിക്കും. രാഹുലിന് തിയേറ്ററിൽ നിന്നുള്ള വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. തമിഴ് സിനിമയിൽ ഈ പുതിയ ഇടപാട് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ, അജിത്തിന്റെ ടീം ശമ്പള ഇടപാടിനെക്കുറിച്ചുള്ള ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഒരു ഗാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അജിത്ത് നിലവിൽ വിദേശത്ത് റേസിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

content highlights : No salary for Ajith Kumar in AK64, instead he seeks OTT rights

To advertise here,contact us