'അന്ന് മാത്രമല്ല, എല്ലാ ദിവസവും ഭാരത് മാതാ കി ജയ് വിളിക്കും'; ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ

കൃഷ്ണാഷ്ടമിയ്ക്ക് "ഭാരത് മാതാ കീ ജയ്" വിളിച്ചതിന് പിന്നാലെ ഉയര്‍ന്ന ട്രോളുകളോടാണ് ജാന്‍വി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്

ബോളിവുഡിൽ യുവതാരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ജാൻവി കപൂർ. ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ജാൻവി, അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി

ആഘോഷങ്ങളിൽ പങ്കെടുത്തത് വാർത്തയായിരുന്നു. എന്നാൽ, അവിടെ നടന്ന ഒരു സംഭവം നടിയ്ക്കെതിരെ ട്രോളുകള്‍ ഉയരാന്‍ ഇടയാക്കിയിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ജാൻവി "ഭാരത് മാതാ കീ ജയ്" എന്ന് മുദ്രാവാക്യം വിളിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഈ മുദ്രാവാക്യം കേട്ട് ചില നെറ്റിസൺസ് പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. സ്വാതന്ത്ര്യ ദിനവും കൃഷ്ണ ജയന്തിയും ഒന്നല്ലെന്നും, തെറ്റായ മുദ്രാവാക്യം തെറ്റായ സമയത്ത് വിളിച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും, വലിയ രീതിയിലുള്ള ട്രോളുകളും സൈബർ ആക്രമണവും നടിക്കെതിരെ ഉണ്ടാവുകയും ചെയ്തു.

എന്നാൽ, ഈ വിമർശനങ്ങളോട് ജാൻവി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ശക്തമായി പ്രതികരിച്ചു. സംഭവം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വളച്ചൊടിച്ചതാണെന്ന് അവർ വ്യക്തമാക്കി. ആളുകൾ ആദ്യം "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുകയായിരുന്നുവെന്നും, താൻ അതിനോട് ചേരുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്ത് തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അവർ തുറന്നുപറഞ്ഞു.

"അവർ ആദ്യം ജയ് വിളിച്ചിട്ട്, പിന്നീട് ഞാന്‍ വിളിച്ചില്ലെങ്കില്‍ പ്രശ്നം, ഇനി ഞാൻ പറഞ്ഞാൽ വീഡിയോ മുറിച്ചെടുത്ത് മീം ഉണ്ടാക്കാൻ ഉപയോഗിക്കും. എന്തായാലും, ജന്മാഷ്ടമിക്ക് മാത്രമല്ല, എല്ലാ ദിവസവും ഞാൻ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കും." ജാൻവിയുടെ ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നു.

നിലവിൽ ജാൻവി കപൂർ തന്റെ പുതിയ സിനിമയായ 'പരം സുന്ദരി' യുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഈ ചിത്രം 2025 ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രമായിരിക്കും 2026-ൽ ജാൻവിയുടെ ആദ്യ പ്രധാന റിലീസ്. വലിയ ഹൈപ്പോടെ വരുന്ന ഈ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്റ്റാർഡം കൂടുതൽ ഉറപ്പിക്കാൻ ജാൻവിക്ക് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

content highlights : Janhvi Kapoor reacts to trolls and criticisms on her

To advertise here,contact us