മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. 2025 സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം 4K ഡോൾബി അറ്റ്മോസിലേക്ക് മാറ്റുന്നതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം" പ്രദർശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമ്മാണ ചിലവ് വന്ന ചിത്രമാണിത്.
മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗാനങ്ങൾ ഇല്ലാത്തതിനാൽ ആദ്യം ചിത്രത്തിൽ നിന്ന് പിന്മാറിയ ഇളയരാജ, പിന്നീട് ചിത്രം കണ്ട് അമ്പരന്ന് പോവുകയും അതിന് ശേഷം പശ്ചാത്തലസംഗീതം നൽകാൻ തയ്യാറാവുകയുമാണുണ്ടായത്.
Samrajyam 4K Re Release this September. 💥#Samrajyam #Samrajyam4K#Mammootty @mammukka #MegastarMammootty pic.twitter.com/Ecm082709u
ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Content Highlights: Samrajyam 4K Re Release this September