തമിഴിലെ ആ വമ്പൻ ഹിറ്റ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമോ?,ആരാധകർക്ക് ആവേശമായി എ ആർ മുരുഗദോസിന്റെ വാക്കുകൾ

"ഓരോ തവണ അവധിക്കെത്തുമ്പോഴും നായകൻ നാട്ടിലെ ചില പ്രശ്നങ്ങള്‍, ആരും അറിയാതെ പരിഹരിക്കുന്നു - ഈ ആശയം വെച്ച് രണ്ടാം ഭാഗം ആലോചിക്കാം"

തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'തുപ്പാക്കി'ക്ക് രണ്ടാം ഭാഗം വരാൻ സാധ്യത. സംവിധായകൻ എ ആർ മുരുഗദോസ് തന്നെയാണ് ഒരു അഭിമുഖ പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചത്. വിജയ് നായകനായ ഈ ചിത്രം 2012-ൽ പുറത്തിറങ്ങിയപ്പോൾ, തീവ്രവാദ സംഘങ്ങളിലെ സ്ലീപ്പർ സെല്ലുകളെക്കുറിച്ചുള്ള അതിന്റെ പ്രമേയം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ നൽകിയിരുന്നുവെന്നും, അത് മനപ്പൂർവ്വം അങ്ങനെ ചെയ്തതാണെന്നുമാണ് മുരുഗദോസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ രണ്ടാം ഭാഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുരുഗദോസ് മനസ്സുതുറന്നത്. "ചിത്രത്തിന്റെ അവസാനം, കഥാനായകൻ അവധി കഴിഞ്ഞ് തിരികെപ്പോകുന്നിടത്താണ് കഥ അവസാനിക്കുന്നത്.

പക്ഷേ, അവന് ഇവിടെ ഒരു കുടുംബമുണ്ട്. അതിനാൽ അവൻ വീണ്ടും തിരികെ വരാം, അല്ലെങ്കിൽ അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാം," മുരുഗദോസ് വിശദീകരിച്ചു. ഈയൊരു അവസാനം ഒരു ഹാഫ് വേ എൻഡിങ് ആയിരുന്നുവെന്നും, അത് പ്ലാൻ ചെയ്താണ് അങ്ങനെ ഒരു ക്ലൈമാക്സ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലെെപേച്ച് വോയ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരുഗദോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തുപ്പാക്കിയിലെ നായകനായ ആർമി ഓഫീസറും പോലീസ് സബ് ഇൻസ്പെക്ടറായ സുഹൃത്തും തമ്മിലുള്ള ബന്ധം രണ്ടാം ഭാഗത്തിനുള്ള മികച്ച സാധ്യത നൽകുന്നുണ്ടെന്നും സംവിധായകൻ സൂചിപ്പിച്ചു. "അവൻ വീണ്ടും അവധിക്കായി തിരികെ വരും. അപ്പോൾ സബ് ഇൻസ്പെക്ടറായിരുന്ന സുഹൃത്ത് ഇൻസ്പെക്ടറായി മാറിയിരിക്കും.

ഓരോ തവണ അവധിക്കെത്തുമ്പോഴും നായകൻ ഇവിടെ പ്രശ്നങ്ങളുണ്ടാക്കുകയും, ആർക്കും അറിയാതെ അത് പരിഹരിച്ച് തിരികെ പോവുകയും ചെയ്യുക എന്നത് അവർക്കിടയിലെ ഒരു പതിവാണ്. ഈയൊരു ആശയം വെച്ച് ഒരുപാട് കഥകൾ മെനയാം" എ ആര്‍ മുരുഗദോസ് പറഞ്ഞു.

സ്ലീപ്പർ സെൽ എന്ന ആശയം വെച്ച് ഒരു വെബ് സീരീസും ('ഫാമിലി മാൻ') മുൻപ് വന്നിട്ടുണ്ട്.

ബോംബെ പോലുള്ള നഗരങ്ങൾ പശ്ചാത്തലമാക്കി ഇത്തരം കഥകൾ എത്ര വേണമെങ്കിലും നിർമ്മിക്കാൻ സാധിക്കുമെന്നും മുരുഗദോസ് കൂട്ടിച്ചേര്‍ത്തു. 'തുപ്പാക്കി'യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഈ വാക്കുകള്‍ വിജയ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനാല്‍ ജനനായകന്‍ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാകുമെന്നാണ് കരുതപ്പെടുന്നത്. ഇനി വിജയ് സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കില്‍ അത് തുപ്പാക്കിയായാല്‍ ഗംഭീരമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

content highlights : Director A R Murugadoos about the chances of making a second part for Thuppakki 2

To advertise here,contact us