ഞാൻ ആരോപണം ഉന്നയിച്ച ആളെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പൊന്നാട അണിയിച്ച് ആദരിച്ചു: സാന്ദ്ര തോമസ്

'എനിക്കത് വളരെ പരിഹാസപരമായ കാര്യമായിട്ടാണ് തോന്നിയത്. അസോസിയേഷനെ അധപതിക്കുന്ന തരത്തിലേക്ക് കൊണ്ടുപോയി'

നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ലിസ്റ്റിൻ വട്ടിപലിശയ്ക്ക് കടം എടുക്കുന്നുണ്ടെന്നും കൊടുക്കാറുണ്ടെന്നും വളരെ ഓപ്പൺ ആയിട്ടാണ് പറഞ്ഞതെന്നും ഓപ്പറേഷൻ കുബേര ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലിസ്റ്റിൻ അകത്ത് കിടന്നേനെ എന്നായിരുന്നു സാന്ദ്രയുടെ വാക്കുകൾ. ഇതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലും സാന്ദ്ര പരാജയപ്പെട്ടിരുന്നു. താൻ ആരോപണം ഉന്നയിച്ചയാളെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആദരിക്കുന്നത് കണ്ടു. ഇതോടെ അസോസിയേഷൻ അധപതിക്കുന്ന തരത്തിലേക്കാണ് പോയിരിക്കുന്നതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞാൻ ഒരാളെപ്പറ്റി ഒരു ആരോപണം പറഞ്ഞിരുന്നു. ചെന്നൈയിൽ നിന്നുള്ള ഒരു വട്ടിപലിശക്കാരനെക്കുറിച്ച് ഒരു ആരോപണം പറഞ്ഞതിന് അദ്ദേഹത്തെ കൊണ്ടുവന്ന് പൊന്നാട അണിയിച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആദരിക്കുന്നത് കണ്ടു. അത് അസോസിയേഷന്റെ സ്റ്റേറ്റ്മെന്റ് ആണോയെന്ന് സംശയമുണ്ട്. എനിക്കത് വളരെ പരിഹാസകരമായ കാര്യമായിട്ടാണ് തോന്നിയത്. അസോസിയേഷനെ അധഃപതിപ്പിക്കുന്ന തരത്തിലേക്ക് അത് കൊണ്ടുപോയി', സാന്ദ്രയുടെ വാക്കുകൾ.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നത് എന്നായിരുന്നു പരാജയത്തിന് പിന്നാലെ സാന്ദ്ര തോമസ് പറഞ്ഞത്. 'മികച്ച വോട്ട് നേടാൻ കഴിഞ്ഞു. പാനൽ വോട്ടുകളാണ് വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയത്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമാതാവിന് 5-6 വരെ വോട്ടുകൾ ചെയ്യാൻ കഴിഞ്ഞു. തനിക്ക് കിട്ടിയത് വ്യക്തിഗത വോട്ടുകൾ,' സാന്ദ്ര തോമസിൻ്റെ വാക്കുകൾ. അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തെരഞ്ഞെടുത്തു.

സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമ്മർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

Content Highlights: sandra thomas about listin and producers Assosiation

To advertise here,contact us