ഇതിനേക്കാൾ ഭേദമായിരുന്നു അത്, ഫ്ലോപ്പ് ആയത് കഷ്ടമായിപ്പോയി; കൂലിക്ക് പിന്നാലെ ചർച്ചയായി മറ്റൊരു രജനി ചിത്രം

റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകർ സിനിമയെ വേണ്ടവിധത്തിൽ അംഗീകരിച്ചില്ലെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

ലോകേഷ് കനകരാജ് ഒരുക്കിയ രജനികാന്ത് ചിത്രം കൂലി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും രജനിയെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നുമാണ് കമന്റുകൾ. അതേസമയം, കൂലിയുടെ റിലീസിന് പിന്നാലെ ചർച്ചയാകുകയാണ് രജനിയുടെ മുൻ ചിത്രമായ വേട്ടയ്യൻ.

കൂലിയെക്കാൾ ഗംഭീര സിനിമയാണ് വേട്ടയ്യനെന്നും ചിത്രം ഇറങ്ങിയ സമയത്ത് പ്രേക്ഷകർ വേണ്ടവിധത്തിൽ അംഗീകരിച്ചില്ലെന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മാസ് മൊമെന്റുകൾ ഉണ്ടാക്കുന്നതിൽ വേട്ടയ്യൻ വിജയിച്ചിരുന്നെന്നും രജനിയുടെ ഗംഭീര പ്രകടനമാണ് സിനിമയിലേതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിനിമ ബോക്സ് ഓഫീസിൽ പരാജയമായതിൽ നിരാശയും പലരും പ്രകടിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലും രജനിയുമായുള്ള കോമ്പിനേഷൻ സീനുകൾക്കും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. 300 കോടി ബജറ്റിലാണ് വേട്ടയ്യൻ ഒരുങ്ങിയത്. എന്നാൽ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 148.15 കോടി മാത്രമാണ് നേടാനായത് എന്ന് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

വേട്ടയ്യന് മുടക്കുമുതൽ തിയേറ്ററുകളിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു രജനികാന്ത് ചിത്രം ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ തുകയുമായിരുന്നു ഇത്. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദ​ഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ.

I love Rajini in this film, His Chemistry with Fafa was extraordinary. https://t.co/NX8kOrn8gc

അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് കൂലി ആദ്യ ദിനം നേടിയത്. കേരളത്തിൽ നിന്ന് മാത്രം കൂലി 9.75 കോടി ഓപ്പണിങ് നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: people praise vettaiyan after coolie release

To advertise here,contact us