'സ്വന്തം കഴിവ് മാത്രം നോക്കി മുന്നോട്ട് പോയാൽ ഒരു സിനിമയും വിജയിക്കില്ല'; ഫഹദ് ഫാസിൽ

അച്ഛന്‍ തന്നിലുണ്ടാക്കിയ ഏറ്റവും വലിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍

മലയാള സിനിമയിലെ മുൻനിര നടൻ ഫഹദ് ഫാസിൽ, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും അഛൻെ്റ ഇൻഫ്ലുവൻസിനെക്കുറിച്ചും മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. പേളി മാണി അവതരിപ്പിക്കുന്ന ഒരു ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.

തന്റെ പിതാവും സംവിധായകനുമായ ഫാസിൽ തനിക്ക് പകർന്നു നൽകിയ ഏറ്റവും വലിയ പാഠത്തെക്കുറിച്ചാണ് ഫഹദ് പ്രധാനമായും സംസാരിച്ചത്. സിനിമയുടെ ലോകത്ത്, ക്യാമറക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്ന് അദ്ദേഹം പറയുന്നു.

"ഒരു നടൻ എന്ന നിലയിൽ അച്ഛനിൽ നിന്ന് പഠിച്ച ഏറ്റവും നല്ല കാര്യമെന്താണ്?" എന്ന പേളി മാണിയുടെ ചോദ്യത്തിന് ഫഹദ് ഫാസിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "ക്യാമറക്ക് മുന്നിൽ എല്ലാവരും തുല്യരാണ്". ഒരു അഭിനേതാവ് മാത്രമല്ല, സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും തുല്യ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി എല്ലാവരുടെയും കൂട്ടായ സഹകരണത്തിലൂടെയാണ് ഒരു ഷോട്ട് പൂർത്തിയാകുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ എല്ലാ മേഖലയിലുള്ളവരെയും ബഹുമാനിക്കാനും വിലമതിക്കാനും പഠിപ്പിച്ചത് അച്ഛനാണ്.

തന്റെ കഴിവ് മാത്രം നോക്കി മുന്നോട്ട് പോയാൽ ഒരു സിനിമയും വിജയിക്കില്ലെന്നും ഫഹദ് പറഞ്ഞു. കൂടെയുള്ളവരുടെ കഴിവുകൾ കൂടി പരിഗണിക്കുമ്പോഴാണ് ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത്. "എന്റെ ക്രാഫ്റ്റ് മാത്രം കോൺസെൻട്രേറ്റ് ചെയ്ത് ഞാൻ അവിടെ നിന്ന് പെർഫോം ചെയ്താൽ കാര്യമില്ല", ഫഹദ് കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച റിസൾട്ട് ലഭിക്കണമെങ്കിൽ ടീം വർക്ക് അനിവാര്യമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ടീമിനെ ഒന്നിച്ച് കൊണ്ടുപോകാനുള്ള കഴിവ് അച്ഛനുണ്ടായിരുന്നു. ആ ഒരു കഴിവ് പകർത്താൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശ്രമങ്ങളിലും അത് വിജയിക്കാറില്ലെങ്കിലും, ഒരു ടീമിനൊപ്പം നിൽക്കുമ്പോൾ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകാൻ ശ്രമിക്കാറുണ്ട്. ഫാസിലിൽ നിന്ന് പകർന്നു കിട്ടിയ ഈ ഗുണമാണ് തന്നെ മികച്ച നടനാക്കിയതെന്നാണ് ഫഹദ് വിശ്വസിക്കുന്നത്. നല്ല സിനിമകൾ ചെയ്യണമെങ്കിൽ ഒരു മികച്ച ടീം ആവശ്യമാണ്. അതുകൊണ്ടാണ് ഒരു ടീമിന്റെ ഭാഗമാകുമ്പോൾ, അതിലെ എല്ലാവരെയും തുല്യമായി കാണാൻ താൻ എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights : Fahadh Fasil talks about how his father Faasil influenced him

To advertise here,contact us