പള്ളിയ്ക്കുള്ളിൽ റൊമാൻസ് വേണ്ട, മതവികാരം വ്രണപ്പെടുത്തുന്നു, പരം സുന്ദരിയ്ക്കെതിരെ ക്രിസ്ത്യൻ സംഘടന

ഈ രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വാച്ച് ഡോഗ് ഫൗണ്ടേഷൻ എന്ന ക്രിസ്ത്യൻ സംഘടന. ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം പള്ളിയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, മുംബൈ പൊലീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവയ്ക്ക് വാച്ച് ഡോഗ് ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. 'ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി. അത് അസഭ്യമായ ഉള്ളടക്കത്തിനുള്ള വേദിയായി ചിത്രീകരിക്കരുത്' എന്ന് കത്തിൽ പറയുന്നു. ഈ രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം കഥാപാത്രത്തിന്‍റെ പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിക്കുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും.

കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Content Highlights:  Christian organization against the movie Param Sundari

To advertise here,contact us