എഎംഎംഎയെ നയിക്കാൻ ഒരു അവസരം തരിക, ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്; ശ്വേതാ മേനോൻ

വിവാദങ്ങൾക്കും വാക്കു തർക്കങ്ങൾക്കും ഒടുവിൽ ഇന്ന് എഎംഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

എഎംഎംഎയെ നയിക്കാൻ ഒരു അവസരം നൽകണമെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് സ്വപ്നമുണ്ടെന്നും ശ്വേത മേനോൻ. എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും ശ്വേത മേനോൻ പറഞ്ഞു. തന്റെ ആദ്യ ചിത്രം അനശ്വരം റിലീസ് ചെയ്തിട്ട് 33 വർഷമായെന്നും നടി കൂട്ടിച്ചേർത്തു. സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്കാണ് ശ്വേതാ മേനോൻ മത്സരിക്കുന്നത്.

'ഇത് ഒത്തൊരുമയുടെ സ്വാതന്ത്ര്യദിനമാകട്ടെ. ആദ്യ ചിത്രം അനശ്വരം റിലീസ് ചെയ്തിട്ട് 33 വർഷമായി. പ്രൊഫഷണൽ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയ ദിവസമാണിന്ന്. A.M.M.A യിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന സ്വപ്നമുണ്ട്. A.M.M.A കുടുംബത്തിലെ എല്ലാവരും ആ സ്വപ്നമുള്ളവരാണ്. A.M.M.A യെ നയിക്കാൻ ഒരു അവസരം തരിക, ഒരുമിച്ച് മുന്നോട്ടു പോകും,' ശ്വേതാമേനോൻ പറഞ്ഞു.

മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന്. വിവാദങ്ങൾക്കും വാക്കു തർക്കങ്ങൾക്കും ഒടുവിൽ ഇന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് രാവിലെ പത്തു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനുംരവീന്ദ്രനും തമ്മിൽ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.

Content Highlights:  Shweta Menon reacts to AMMA elections

To advertise here,contact us