കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് മൃണാള് താക്കൂറിന്റേത്. നടിയുടെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ബോളിവുഡ് നടിയായ ബിപാഷ ബസുവിനെ ബോഡി ഷെയിം ചെയ്തു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. 'പുരുഷനെപ്പോലെ മസിലുള്ള' സ്ത്രീയാണ് ബിപാഷ ബസു എന്നായിരുന്നു മൃണാള് പറഞ്ഞിരുന്നത്. ഇതിൽ പ്രതികരണവുമായി ബിപാഷ എത്തിയതോടെ കാര്യങ്ങൾ കുറച്ചുകൂടി ചൂടുപിടിച്ചു.
'സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുകള് ഉണ്ടാക്കൂ. നമ്മള് ശക്തരായിരിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം എന്നേക്കും നിലനിര്ത്താന് മസിലുകള് സഹായിക്കും. സ്ത്രീകള് കരുത്തരായോ ശാരീരികമായി ശക്തരായോ കാണപ്പെടരുതെന്നുള്ള പഴഞ്ചന് ചിന്താഗതിയേ തകര്ക്കൂ', എന്നായിരുന്നു ബിപാഷ ഇതിനോട് പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് പങ്കിട്ടിരിക്കുകയാണ് മൃണാള്.
'കൗമാരക്കാരിയായിരുന്നു ഞാന് 19-ാം വയസ്സില് ഒരുപാട് വിഡ്ഢിത്തങ്ങള് പറഞ്ഞിട്ടുണ്ട്. ഞാൻ പറയുന്ന വാക്കുകളുടെ ഗൗരവമോ, തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ എത്രമാത്രം മറ്റുള്ളവരെ വേദനിപ്പിക്കുമെന്നോ പലപ്പോഴും മനസിലാക്കിയിരുന്നില്ല. ഇപ്പോൾ, ആ വാക്കുകള് വേദനിപ്പിച്ചു എന്നതില് ഞാന് ഖേദിക്കുന്നു. ആരേയും ബോഡിഷെയിം ചെയ്യുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല.
അഭിമുഖത്തിലെ തമാശ അതിരുകടന്നുപോയതാണ്. എന്നാല്, അത് എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് എനിക്ക് മനസിലാക്കാനാകും. വാക്കുകള് തിരഞ്ഞെടുക്കുമ്പോള് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്ന് ഞാനിപ്പോള് ആത്മാര്ഥമായി ആഗ്രഹിക്കുന്നു. എല്ലാരൂപത്തിലും സൗന്ദര്യമുണ്ടെന്ന് ഞാന് കാലംകൊണ്ട് തിരിച്ചറിയുന്നു', മൃണാള് താക്കൂര് കുറിച്ചു.
Content Highlights: Mrunal Thakur expresses regret over body shaming against Bipasha Basu