തന്നെ ഗുണ്ടയും കള്ളനും ആക്കിയെന്നും മാധ്യമങ്ങളിലൂടെ മോശക്കാരനായി ചിത്രീകരിച്ചുവെന്നും നിർമ്മാതാവ് ജി സുരേഷ് കുമാർ. തന്റെ കുടുംബത്തെ വരെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചെന്നും ഇപ്പോൾ അടുത്ത തലമുറ സംഘടന നേതൃത്വത്തിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ജി സുരേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
'എന്നെ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചു. എന്റെ കുടുംബത്തെ വരെ വലിച്ചിഴച്ചു. ഇപ്പോൾ അടുത്ത തലമുറ നേതൃത്വത്തിൽ എത്തിയിരിക്കുന്നു. മുതിർന്നവരായ ഞങ്ങൾ എക്സിക്യൂട്ടീവിലേക്ക് മാറി. സംഘടന തെരഞ്ഞെടുപ്പ് സംഘടനക്കുള്ളിൽ നിൽക്കണം നാട്ടുകാർക്ക് മുൻപിൽ വലിച്ചിഴക്കുക അല്ല വേണ്ടത്. പുറത്ത് വെച്ചുള്ള വിഴുപ്പലക്കൽ നല്ലതല്ല…അത് ആരാണെങ്കിലും, ഞാൻ ഗുണ്ടയും കാട്ടുകള്ളനും ആണെന്ന് വരെ പറഞ്ഞു…അതിൽ ഒന്നും എനിക്ക് വിഷമമൊന്നുമില്ല. അവർക്ക് ഇതൊരു പാഠമാകട്ടെ', ജി സുരേഷ് കുമാർ പറഞ്ഞു.
മലയാള സിനിമാ നിര്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന് സ്റ്റീഫന് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.
മഹാ സുബൈര് ട്രഷററായും സോഫിയാ പോള്, സന്ദീപ് സേനന് എന്നിവര് വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്വിന് ആന്റണി, ഹംസ എം എം എന്നിവര് ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന് സ്റ്റീഫനും നേതൃത്വം നല്കുന്ന പാനലില് മത്സരിച്ചവരാണ് വിജയിച്ച നാല് പേരും. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
Content Highlights: Producer G Suresh kumar says about false allegations and family