'സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ തിയേറ്ററിൽ എത്തിക്കുക എളുപ്പമല്ല'; പ്രസ്സ് മീറ്റിൽ പൊട്ടിക്കരഞ്ഞ് അനുപമ

തന്റെ പല സിനിമകളെയും സ്വയം വിമർശിക്കാറുണ്ടെന്നും ഈ സിനിമയില്‍ വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും നടി പറഞ്ഞു.

തന്റെ പുതിയ ചിത്രമായ 'പര്‍ദ്ദ'യുടെ പ്രസ് മീറ്റിനിടെ പൊട്ടിക്കരഞ്ഞ് നടി അനുപമ പരമേശ്വരന്‍. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസിന് എത്തിക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്നും തന്റെ പല സിനിമകളെയും സ്വയം വിമർശിക്കാറുണ്ടെന്നും ഈ സിനിമയില്‍ വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും നടി പറഞ്ഞു.

‘ഇത് എന്റെ സിനിമ ആയതു കൊണ്ടല്ല നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നത്. എന്റെ പല സിനിമകളെയും ഞാൻ തന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയിൽ എനിക്ക് വിമർശിക്കാൻ ഒന്നുമില്ല. സിനിമ തിയറ്ററിലെത്തിക്കാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്’, അനുപമ പറഞ്ഞു.

നടി കരയുന്ന ദൃശങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ സംവിധായകനും നിര്‍മാതാവും ഉടന്‍ തന്നെ അനുപമയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. പര്‍ദ്ദ എന്ന സിനിമയക്ക് വേണ്ടി അനുപമ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിര്‍മാതാവ് വിജയ് ഡൊണ്‍കൊണ്ട പറഞ്ഞു.

അനുപമ പരമേശ്വരനെ കൂടാതെ ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണ് പർദ്ദ. ആഗസ്റ്റ് 2നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

Content Highlights: Anupama Parameshwaran Cries at Press meet

To advertise here,contact us