ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില് ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാർ 2. നാളെ ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ കിതയ്ക്കുകയാണ്.
നിലവിൽ 17.44 കോടിയാണ് വാർ 2 ന്റെ അഡ്വാൻസ് ബുക്കിംഗ് നേട്ടം. ഇതുവരെ 323022 ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചിരിക്കുന്നത്. നോർത്തിൽ കൂലിയെക്കാൾ ബുക്കിംഗ് സിനിമയ്ക്ക് നേടാൻ സാധിക്കുന്നുണ്ടെങ്കിലും മറ്റു മാർക്കറ്റുകളിൽ സിനിമയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ആദ്യ ദിനം ചിത്രം 30 മുതൽ 35 കോടി വരെ കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പുറത്തുവരുന്ന പ്രീ റിലീസ് റിപ്പോർട്ടുകൾ എല്ലാം മികച്ചതാണ്. രണ്ടാം ദിനം മുതൽ വാർ 2 വിന് കൂലിയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ 70 കോടി പ്രതിഫലം വാങ്ങിയപ്പോൾ ഹൃത്വിക് റോഷന് 50 കോടിയും സിനിമയുടെ ലാഭ വിഹിതവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ പുറത്തുവിട്ട സിനിമയുടെ അപ്ഡേറ്റുകളിൽ ആരാധകർ തൃപ്തരല്ല. സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമായിരുന്നു പ്രേക്ഷകരുടെ കമന്റ്. ട്രെയിലറിനും ഇതേ അഭിപ്രായമാണ് ലഭിക്കുന്നത്.
Content Highlights: War 2 first day collection report