വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയത് മലയാളി നടൻ വെങ്കിടേഷ് ആണ്. ചിത്രത്തിന്റെ ആദ്യ ഷോ എക്സ്പീരിയൻസ് അടിപൊളി ആയിരുന്നെന്നും ഒരു പരിചയം ഇല്ലാത്തവർ വരെ തന്റെ സീനിന് കയ്യടിച്ചെന്നും റിപ്പോർട്ടറിന് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെങ്കിടേഷ് പറഞ്ഞു.
'കിങ്ഡത്തിന്റെ ആദ്യ ഷോ അടിപൊളി റെസ്പോൺസ് ആയിരുന്നു. ഞാൻ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ചിലർക്ക് വേണമെങ്കിൽ ഞാൻ ഭയങ്കര ഓവർ ആണെന്ന് പറയാമായിരുന്നു. പക്ഷെ അങ്ങനെ ആരും പറഞ്ഞില്ല. ചിലപ്പോൾ ഞാൻ പറയുന്നത് സത്യസന്ധമായ കാര്യമെന്ന് തോന്നിയത്കൊണ്ടാകാം. എന്നെ പരിചയമില്ലാത്തവർ പോലും എന്റെ ഒരു സീൻ വന്നപ്പോൾ തിയേറ്ററിൽ കയ്യടിക്കുക എന്ന് പറയുന്നത് അത്രയും ആളുകൾ ഞാൻ കയറി വരണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ്. അതെന്റെ ഭാഗ്യമാണ്', വെങ്കിടേഷിന്റെ വാക്കുകൾ.
'ആരെ കണ്ടാലും ചാൻസ് ചോദിക്കാറുണ്ട്. ചാൻസ് ചോദിച്ച് തന്നെയാണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ വന്നത്. ബാക്കിയെല്ലാം സിനിമ തന്നതാണ്. ഞാൻ ഇനിയും ചാൻസ് ചോദിക്കും. എനിക്കും ഹീറോ ആയി വരണം, വമ്പൻ ഹിറ്റടിക്കണം, ആളുകൾക്കിടയിൽ മിനിമം ഗ്യാരണ്ടി ആക്ടർ ആകണം. ഇതെക്കെയാണ് എന്റെ ആഗ്രഹം', എന്നും വെങ്കി കൂട്ടിച്ചേർത്തു.
ചിത്രത്തിൽ മുരുഗൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിച്ചത്. സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ നടൻ നടത്തിയ സ്പീച്ച് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും കയ്യടി നേടുകയും ചെയ്തിരുന്നു. സിനിമയിലെ നടന്റെ പ്രകടനവും ഏറെ ചർച്ചയായിരുന്നു. ഭേദപ്പെട്ട പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്.
Content Highlights: Venkitesh VP about Kingdom FDFS experience