ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ രജനികാന്തിനെക്കുറിച്ച് സൗബിൻ ഷാഹിർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രജനി സാറിനെ പോലെ ഒരു സൂപ്പർസ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നും ഒരുപാട് പാഠങ്ങൾ അദ്ദേഹത്തിന്റെ പക്കൽ നിന്ന് പഠിക്കാനായി എന്നും സൗബിൻ പറഞ്ഞു.
'രജനികാന്തിനെ പോലെ ഒരു സൂപ്പർ സ്റ്റാറിനെ ഈ ലോകത്ത് ഞാൻ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ എടുത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഏത് കോളേജിലും സ്കൂളിലും പോയാലും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ലഭിച്ച പോലുള്ള പാഠങ്ങൾ കിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത് കുറച്ച് നേരം നിന്നാൽ മാത്രം മതി. സ്വപ്നം പോലും കണ്ടിട്ടില്ല, രജനി സാറിൻ്റെ കൂടെ വർക്ക് ചെയ്യുന്നത്. ഇത് സ്വപ്നത്തിലും മേലെ ആണ്,' സൗബിൻ പറഞ്ഞു. ചിത്രത്തിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോണിക്ക എന്ന ഗാനത്തിലെ സൗബിന്റെ ഡാൻസ് നേരത്തെ വൈറലായിരുന്നു.
നാളെയാണ് സിനിമ തിയേറ്ററിലെത്തുന്നത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Soubin shahir about rajinikanth