അന്നും ഇന്നും എന്നും മലയാളത്തിന്റെ അധിപൻ മോഹൻലാൽ; പരം സുന്ദരിക്ക് പിന്നാലെ വൈറലായി ആ പഴയ നാഗാർജുനയുടെ ഡയലോഗ്

'ഒപ്പം നടന്നവർക്കും, ശേഷം നടന്നവർക്കും തൊടാൻ കഴിയില്ല. മലയാളത്തിന്റെ മോഹൻലാൽ'

dot image

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ട്രെയിലറിലെ മോഹൻലാൽ റഫറൻസ് വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് സമാനമായി 20 വർഷം മുൻപുള്ള ഒരു തെലുങ്ക് സിനിമയിൽ മോഹൻലാലിനെക്കുറിച്ച് നാഗാർജുന പറയുന്ന ഡയലോഗ് ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ഹിന്ദിയിൽ അമിതാഭ് ബച്ചൻ, തമിഴിൽ രജനികാന്ത്, മലയാളത്തിൽ മോഹൻലാൽ, കന്നഡയിൽ രാജ്‌കുമാർ എന്നിവരാണ് സൂപ്പർതാരങ്ങൾ എന്ന് നാഗാർജുന പറയുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. '2004 ൽ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിലും 2025 ൽ റിലീസ് ആകാൻ പോകുന്ന ഒരു ഹിന്ദി സിനിമയിലും ഉള്ള ഡയലോഗുകൾ ആണിത്. മുൻപേ നടന്നവർക്കും, ഒപ്പം നടന്നവർക്കും, ശേഷം നടന്നവർക്കും തൊടാൻ കഴിയില്ല. മലയാളത്തിന്റെ മോഹൻലാൽ', എന്ന ക്യാപ്ഷനോടെയാണ് ഒരു മോഹൻലാൽ ഫാൻ പേജ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതേസമയം, പരം സുന്ദരി ട്രെയ്‌ലറിൽ കേരളത്തിൽ മോഹൻലാൽ തമിഴിൽ രജനികാന്തും തെലുങ്കിൽ അല്ലു അർജുനും കന്നഡയിൽ യഷും ആണ് മറ്റു സൂപ്പർസ്റ്റാറുകൾ എന്നുമാണ് ട്രെയ്‌ലറിൽ ജാൻവിയുടെ കഥാപാത്രം പറയുന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലർ റിലീസിന് പിന്നാലെ ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ട്രോളുകൾ ലഭിക്കുന്നുണ്ട്.

ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിക്കുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും.

Content Highlights: Mohanlal referance from old nagarjuna film goes viral

dot image
To advertise here,contact us
dot image