ബ്രിട്ടീഷ് ആർമിയിൽ പരിശീലനം നേടിയിട്ടും ഇന്ത്യൻ ആർമിയിൽ അവസരം കിട്ടാതെ പോയ സൂപ്പർസ്റ്റാർ; വൈറലായി ചിത്രങ്ങൾ

മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എൻസിസി കേഡറ്റ് ആയി, ബ്രിട്ടീഷ് ആർമി, റോയൽ നേവി, റോയൽ എയർ ഫോഴ്സ് എന്നിവിടങ്ങളിൽ പരിശീലനവും നേടിയിരുന്നു.

സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ആർ മാധവൻ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് സിനിമകളിലെല്ലാം തിളങ്ങിയ മാധവന്റെ അഭിനയ ജീവിതത്തിന് പിന്നിലൊരു നഷ്ട അവസരത്തിന്‍റെ കഥയുണ്ട്. യുവാവായിരുന്ന കാലത്ത് നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻസിസി) മാധവൻ പ്രവർത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ കഠിനാധ്വാനവും മികച്ച പ്രകടനവും മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എൻസിസി കേഡറ്റ് എന്ന അംഗീകാരം നേടിക്കൊടുത്തു. ഈ നേട്ടം മാധവന് ബ്രിട്ടീഷ് ആർമി, റോയൽ നേവി, റോയൽ എയർ ഫോഴ്സ് എന്നിവിടങ്ങളിൽ പരിശീലനം നേടാൻ അപൂർവമായ ഒരവസരം നൽകി. റിപ്പോർട്ടുകൾ പ്രകാരം അഭിമാനകരമായ ഈ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് കേഡറ്റുകളിൽ ഒരാളായിരുന്നു മാധവൻ.

ഇത്രയും അംഗീകാരങ്ങൾ ലഭിച്ചിട്ടും കൗമാരകാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം ഇന്ത്യൻ ആർമിയിൽ ചേരുക എന്നതായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ മാധവന്റെ ഈ ആഗ്രഹം നടക്കാതെ പോവുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ മാധവൻ ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ശ്രമങ്ങൾ തുടങ്ങി.

എന്നാൽ, ഇവിടെ വെച്ച് അദ്ദേഹത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ആർമിയിലെ പ്രവേശനത്തിനുള്ള പ്രായപരിധിയേക്കാള്‍ ആറ് മാസം കൂടുതലായിരുന്നു അദ്ദേഹത്തിന്. മറ്റെല്ലാ അര്‍ഹതയുമുണ്ടായിട്ടും ഈ നിയമം മാധവന്റെ സൈനിക ജീവിതത്തിലേക്കുള്ള വാതിൽ കൊട്ടിയടച്ചു.

സൈനിക സ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ചതോടെ മാധവൻ തന്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിച്ചു. ഇലക്ട്രോണിക്സിൽ ബിഎസ്‌സി ബിരുദം നേടിയ ശേഷം പബ്ലിക് സ്പീക്കിംഗിൽ ഉപരിപഠനം നടത്തി. ഈ രംഗത്തെ കഴിവുകൾ അദ്ദേഹത്തെ പേഴ്സണാലിറ്റി ഡെവലപ്‌മെന്റ്, പബ്ലിക് സ്പീക്കിംഗ് ക്ലാസുകൾ പഠിപ്പിക്കുന്നതിലേക്ക് നയിച്ചു. 1992-ൽ ടോക്കിയോയിൽ നടന്ന യംഗ് ബിസിനസ്സ്മെൻ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തു. പിന്നീട് പരസ്യചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മാധവന്‍ വെെകാതെ തന്നെ വിവിധ സിനിമാ ഇന്‍ഡസ്ട്രികളിലെ നായകനടനായി മാറി.

താരത്തിന്‍റെ പട്ടാളക്കാരനാകാനുള്ള മോഹത്തെ കുറിച്ചുള്ള ഈ വിവരങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായത് അദ്ദേഹത്തിന്റെ എൻസിസി കാലഘട്ടത്തിലെ ചിത്രങ്ങൾ റെഡ്ഡിറ്റിൽ വീണ്ടും ഉയർന്നുവന്നപ്പോഴാണ്. പലർക്കും ഇത് മാധവന്റെ ജീവിതത്തിലെ അറിയാത്ത ഒരധ്യായമായിരുന്നു. അദ്ദേഹത്തിന്റെ കായികക്ഷമതയെയും അച്ചടക്കത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

content highlights : Actor Madhavan's old NCC cadet pics resurfaces on reddit

To advertise here,contact us