മലയാള സിനിമയിലെ ഇഷ്ടനടന്മാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്ന പേരാണ് സ്ഥിരമായി പറയാറുള്ളത്. അടുത്ത കാലത്തായി ഫഹദ് ഫാസിലിനും പാൻ ഇന്ത്യൻ ലെവൽ റീച്ച് ഉണ്ട്. സഞ്ജുവിനോട് തന്റെ ഇഷ്ടനടൻ ആരെന്ന ചോദ്യം ചോദിച്ചപ്പോൾ ഇരു സൂപ്പർ സ്റ്റാറുകളില് ഒരാളുടെ പേര് പറയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്.
എന്നാൽ തന്റെ ഇഷ്ടനടമാർ ബേസിൽ ജോസഫും ടൊവിനോ തോമസുമാണെന്നാണ് സഞ്ജു പറഞ്ഞത്. ബേസിലും ടൊവിനോയും അവരുടെ സിനിമയ്ക്ക് മേൽ നൽകുന്ന എഫേർട്ട് വലുതാണെന്നും അവര് തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മുന് താരവും രാജസ്ഥാന് റോയല്സില് സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്ര അശ്വിന്റെ പോഡ്കാസ്റ്റിലാണ് പ്രതികരണം.
'മലയാളത്തിൽ ഒന്നല്ല രണ്ട് പേർ ഉണ്ട്. അവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ ആണ്, സ്ക്രീനിൽ അവരുടെ പ്രകടനം മികച്ചതാക്കാൻ പിന്നണിയിൽ അവർ എടുക്കുന്ന എഫോർട്ട് നേരിൽ കണ്ടിട്ടുണ്ട്, അവർ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉള്ളവരാണ്. ബേസിൽ ജോസഫ്, ടൊവിനോ തോമസ് ഇവരാണ് ആ രണ്ട് പേര്' സഞ്ജു പറഞ്ഞു. സൂക്ഷദർശിനിയിലെ ബേസിലിന്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ആ സിനിമ അത്രയും നന്നായി ചെയ്യാൻ കഴിയില്ലെന്നും അശ്വിൻ പറഞ്ഞു. ബേസിലിനോട് തന്റെ അന്വേഷണം അറിയാക്കാനും അദ്ദേഹം പറഞ്ഞു. അപ്പോൾ ടൊവിനോയും ബേസിലും നിങ്ങളുടെ ഫാൻ ആണെന്നായിരുന്നു സഞ്ജു മറുപടി നൽകിയത്. ഫഹദ് ഫാസിലിനെയും തനിക്ക് ഇഷ്ടമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Content Highlights: Sanju Samson reveals his favorite actors in Malayalam cinema