'തലൈവർ കളിയാക്കിയാൽ ആർക്കും പൊള്ളില്ലേ?'; കൂലി ഇവന്റിൽ രജനികാന്ത് സൗബിനെ ബോഡിഷെയിം ചെയ്‌തെന്ന് ആരാധകർ

ഒരാളെ പുകഴ്ത്താൻ എന്തിനാണ് അയാളെ താഴ്ത്തികെട്ടുന്നത് എന്നാണ് ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം.

ഏറെ നാളുകളായി കൂലിയുടെ ഇവന്റ് പരിപാടിയുടെ പൂർണ്ണരൂപത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഏറ്റവും കൂടുതൽ കാത്തിരുന്നത് പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തിനായിരുന്നു. ഇപ്പോൾ ആ പ്രസംഗത്തിലെ ചില ഭാഗങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിലർ. എല്ലാവരെയും പേരെടുത്ത് വിളിച്ച് പ്രശംസിക്കുന്ന രജനികാന്ത് ഇത്തവണ സൗബിനെ മുടിയുടെ കാര്യത്തിൽ കളിയാക്കിയെന്നും അത് ബോഡി ഷെയിമിങ് ആണെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

കൂലിയിലെ ഒരു പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന് സംശയത്തിൽ ഇരിക്കുമ്പോഴാണ് ലോകേഷ് സൗബിന്റെ കാര്യം പറഞ്ഞതെന്നും മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചയാളാണ് സൗബിൻ എന്നൊക്കെ പറഞ്ഞു. സൗബിനെ കണ്ടപ്പോൾ കഷണ്ടി, ഉയരം കുറവ് ഇദ്ദേഹം എങ്ങനെ ആ കഥാപാത്രം ചെയ്യുമെന്ന് രജനി ലോകേഷിനോട് ചോദിച്ചു. അപ്പോൾ ലോകേഷ് പറഞ്ഞു നോക്കിക്കോ സാർ ഗംഭീര ആർട്ടിസ്റ്റാണ് 100 ശതമാനം നല്ലത് ആയിരിക്കുമെന്ന്, അങ്ങനെയാണ് സൗബിനെ കാസറ്റ് ചെയ്തത് എന്ന് വേദിയിൽ രജനികാന്ത് പറഞ്ഞു.

രജനികാന്ത് കളിയാക്കിയാൽ പ്രശ്നമില്ല മറിച്ച് മോഹൻലാലോ മമ്മൂട്ടിയോ ഇതുപോലത്തെ പരാമർശങ്ങൾ നടത്തിയിരുന്നുവെങ്കിൽ എന്തൊക്കെ പുകിൽ ഉണ്ടായേനെ എന്നും ആരാധകർ ചോദിക്കുന്നു. മുൻപ് ഇതുപോലെ സംവിധായകൻ ജൂഡ് ആന്തണിയുടെ മുടിയെ ചൊല്ലി മമ്മൂട്ടി പറഞ്ഞ കമന്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരുന്നു. ഒരു തമിഴ് സിനിമയുടെ ഇവന്റിൽ മറ്റ് ഇൻഡസ്ട്രികളിലെ നടന്മാരായ സൗബിൻ, ആമിർ ഖാൻ എന്നിവരെ കളിയാക്കി സംസാരിച്ചിട്ട് അതൊക്കെ തമാശ ആണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ചോദ്യങ്ങൾ ഉയരുന്നു.

ഇവന്റിൽ രജനികാന്ത് ആമിർ ഖാനെ കുറിച്ച് പറഞ്ഞത് ബോളിവുഡിൽ ഒരു വശത്ത് ഷാരൂഖ് ഖാൻ മറുവശത്ത് സൽമാൻ ഖാൻ അവരുടെ ഇടയിൽ നെഞ്ച് വിരിച്ച് നിൽക്കുന്നുണ്ടല്ലോ ആമിർ ഖാൻ. പക്ഷേ രജനികാന്ത് അവരെ കളിയാക്കിയത് അല്ലെന്നും അദ്ദേഹം എല്ലാ ഇവന്റുകളിലും ഇങ്ങനെയാണ് സംസാരിക്കുന്നതെന്നും പറഞ്ഞ് നിരവധി പേർ രംഗത്തെത്തി. അതുപോലെ തന്നെ ശ്രുതി ഹസ്സനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്ത കഥയെക്കുറിച്ച് പറഞ്ഞപ്പോഴും ആദ്യം ശ്രുതി ഗ്ലാമർ നടിയല്ലേ ഇത്തരം കഥാപാത്രം ചെയ്യുവോ എന്നാണ് രജനി പറഞ്ഞത്. അവസാനം നടിയെ പുകഴ്ത്തി പറയുകയും ചെയ്തു.

രജനികാന്ത് ആകെ മൊത്തം 40 മിനിറ്റ് ആണ് വേദിയിൽ സംസാരിച്ചത്. മുൻപും നടൻ ഇത്തരം ഇവന്റുകളിൽ കളിയാക്കിയും തമാശ രൂപേണയും പല കാര്യങ്ങൾ പറയാറുണ്ട്. പക്ഷേ ഇത്തവണ സൗബിനെ ആദ്യം കണ്ടപ്പോൾ കഷണ്ടി, പൊക്കം കുറവ് എന്നൊക്കെ പറഞ്ഞപ്പോൾ അത് അദ്ദേഹത്തെ താഴ്ത്തികെട്ടുന്നത് പോലെയായി. ഒരാളെ പുകഴ്ത്താൻ എന്തിനാണ് അയാളെ താഴ്ത്തികെട്ടുന്നത് എന്നാണ് ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം.

Content Highlights: Rajanikanth Body Shames actor Soubin on Coolie event program

To advertise here,contact us