'ഈ സിനിമ കഴിയുമ്പോൾ സൗബിൻ നാട്ടിലെ സംസാര വിഷയമാകും'; സൗബിനെ സദസ്സിലിരുത്തി ലോകേഷ് കനകരാജിന്‍റെ വാക്കുകള്‍

സൗബിൻ എത്രയും വേഗം ചെന്നൈയിലേക്ക് ഷിഫ്റ്റ് ആകുന്നത് നല്ലതായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു.

കൂലി സിനിമ കണ്ട് പ്രേക്ഷകർ ഇറങ്ങുമ്പോൾ സൗബിൻ ഷാഹിർ നാട്ടിലെ സംസാര വിഷയമാകുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഇപ്പോൾ സൗബിന്റെ ഡാൻസിന് ഒരുപാട് ആരാധകരുണ്ടെന്നും എത്രയും വേഗം ചെന്നൈയിലേക്ക് ഷിഫ്റ്റ് ആകുന്നത് നല്ലതായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. 'കൂലി'യുടെ ഇവന്റിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

'സൗബിൻ സാർ, ഈ സിനിമ കഴിയുമ്പോൾ നിങ്ങൾ നാട്ടിലെ സംസാര വിഷയം ആകും. പൊതുവെ നിങ്ങളുടെ അഭിനയത്തിന് ഫാൻസ്‌ ഉണ്ടാവും, ഇപ്പൊ ഡാൻസിനും ആയി…ഇത്രയും നാൾ ഞങ്ങളുടെ കൂടെ ചിലവഴിച്ചതിനും സമയം തന്നതിനും വളരെ നന്ദി. ചെന്നൈയിലേക്ക് ഷിഫ്റ്റ് ആകുന്നതായിരിക്കും നല്ലത്, തമിഴില്‍ നിന്ന് ധാരാളം ഓഫർ വരും', ലോകേഷ് പറഞ്ഞു.

അതേസമയം, അഡ്വാൻസ് ബുക്കിങ്ങിൽ കൂലി വേട്ട തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കൂലി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്.

എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Director lokesh kanagaraj praises actor soubin shahir in coolie event

To advertise here,contact us