അഡ്വാൻസ് ബുക്കിങ്ങിലൂടെ അഞ്ചര കോടി, 'തുടരും' സൈഡ് ആയി, കേരളത്തിൽ വേട്ട തുടർന്ന് കൂലി

കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിൽ തുടരും സിനിമയെ പിന്നിലാക്കി കൂലി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. അഡ്വാൻസ് ബുക്കിങ്ങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് ഇതുവരെ സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു 10 കോടിയും കർണാടകയിൽ നിന്നും 3 കോടിയും ചിത്രം നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിൽ ഇതുവരെ സിനിമയുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല.

മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ എത്തിയ ‘തുടരും’ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ ഇതിനോടകം ‘കൂലി’ തകർത്തിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ രജനി ചിത്രം ജയിലര്‍ ആണ്. 6 കോടിയാണ് സിനിമ നേടിയത്. ഈ റെക്കോർഡ് കൂലി തകർക്കുമെന്നാണ് അഡ്വാൻസ് ബുക്കിങ്ങിലെ കുതിപ്പിൽ മനസിലാകുന്നത്. അതുമാത്രമല്ല, ഈ വർഷം എമ്പുരാനു ശേഷം മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കും. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാൻ’ കേരളത്തിൽ നിന്നും വാരിയത്.

#Coolie Kerala pre-sales — ₹5.34 Cr gross from 1,952 tracked shows with 4 days to go 🔥Already 2025’s 2nd biggest opening at the Kerala Box Office behind #Empuraan.Has already thrashed #Thudarum’s Day 1 collection via pre-sales and is all set to become Superstar’s biggest OD… pic.twitter.com/UFWNR7xQ7U

അതേസമയം, അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 45 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കേ സിനിമയ്ക്ക് ലഭിക്കുന്ന ബുക്കിംഗിൽ 100 കോടി വരെ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലോകേഷിന്റെ ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടിയും കടന്ന് നേട്ടം കൊയ്തിരുന്നു. സമാനമായി കൂലിയും നേടുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Advance bookings will continue in Kerala, with wages lagging behind cinema

To advertise here,contact us