നല്ല വ്യക്തിയാണ് എന്നതിനേക്കാള്‍, നല്ല നടനാണ് എന്ന് പറഞ്ഞ് കേൾക്കാനാണ് ഇഷ്ടം; ടൊവിനോ തോമസ്

"ബാലരമയും മലയാളം സെക്കന്റുമൊക്കെയാണ് കൂടുതലായി വായിച്ചിരുന്നത്"

നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും താന്‍ ജീവിതത്തെ സമീപിക്കുന്ന രീതികളെ കുറിച്ച് ടൊവിനോ തോമസ് പങ്കുവെച്ച കാഴ്ചപ്പാടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഒരു നല്ല മനുഷ്യന്‍ എന്നതിലുപരി നല്ല നടന്‍ എന്ന് കേള്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് ടൊവിനോയുടെ വാക്കുകള്‍. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

ടൊവിനോ ഒരു നല്ല മനുഷ്യനാണ്, ടൊവിനോയുടെ സിനിമ സൂപ്പര്‍ഹിറ്റാണ് ഇതില്‍ ഏത് കേള്‍ക്കാന്‍ ആഗ്രഹം എന്നായിരുന്നു രഞ്ജിനി ഹരിദാസിന്‍റെ ചോദ്യം. "നല്ല വ്യക്തിയാണെന്ന് കേൾക്കുവാൻ എല്ലാവർക്കും ഇഷ്ടമുണ്ടാകും എന്നാൽ ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് അതിനല്ല. ഞാന്‍

പ്രയത്നിക്കുന്നത് നല്ല ഒരു നടൻ ആണെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണ്," എന്ന് ടൊവിനോ മറുപടി നല്‍കി.

ഇതിന് പിന്നാലെ, ടോവിനോ എന്ന ചെറുപ്പക്കാരൻ സിനിമയിൽ ഇത്ര സക്സസ് ആവാൻ ഏറ്റവുമധികം എഫേർട് എടുത്ത് ചെയ്തത് എന്താണെന്ന് ആകാംക്ഷയില്‍ രഞ്ജിനി ചോദിക്കുമ്പോൾ തന്റെ വ്യക്തിത്വത്തിലെ 'ദേഷ്യം' എന്ന കാര്യത്തിനെ മാറ്റാൻ ശ്രമിച്ചതാണെന്ന് ടൊവിനോ മറുപടി നല്‍‌കി.

ഒരാൾ ഭയങ്കര ചൂടനാണെന്നു കരുതി അയാൾ പോലീസ് സ്റ്റേഷനിൽ കേറിയാൽ അതുപോലെ പെരുമാറില്ലല്ലോ, മറിച്ച് അവസരത്തിന് അനുയോജ്യമായി പെരുമാറാനുള്ള ബോധമുണ്ടാകുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ഭയങ്കര ഷോർട്ട് ടെംപെർഡ് ആണ്, അല്ലെങ്കിൽ ഭയങ്കര സ്ട്രേറ്റ് ഫോര്‍വേഡ് ആണ് എന്നൊക്കെ പറയുമ്പോ അത് തത്വത്തിൽ ഭയങ്കര രസമൊക്കെയുണ്ട് കേൾക്കാനായിട്ട്, പക്ഷെ ഓപ്പോസിറ്റ് നിൽക്കുന്ന ആളെ അത് ഭയങ്കരമായിട്ട് ഹർട്ട് ചെയ്യും.

അങ്ങനെ ഹർട്ട് ആവുന്നത് നമുക്ക് ഒരു സോറി കൊണ്ട് ഹീൽ ആക്കാൻ പറ്റിയെന്നു വരില്ല" ടോവിനോ പറയുന്നു. ഇത്തരം തിരിച്ചറിവുകൾ അദ്ദേഹത്തിന് ഉണ്ടായത് താൻ നടത്തിയ ചർച്ചകളിലൂടെയും വായിച്ച പുസ്തകങ്ങളിലൂടെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വീട്ടിൽ അപ്പൻ വാങ്ങിവെച്ച വൈക്കം മുഹമ്മദ് ബഷീറിന്റെയും, എം ടി വാസുദേവന്‍ നായരുടെയുമൊക്കെ പുതകങ്ങളിലൂടെയാണ് അദ്ദേഹം വായനയുടെ ലോകത്തേക്ക് കടന്നുവന്നതെങ്കിലും, പണ്ടത്തെ കുട്ടികളുടെ വികാരമായ 'ബാലരമയും' മലയാളം സെക്കന്റുമൊക്കെയാണ് അദ്ദേഹവും കൂടുതലായി വായിച്ചിരുന്നതെന്ന് അഭിമുഖത്തിൽ പറയുന്നു.

കോളേജിൽ പഠിക്കുമ്പോൾ താമസിക്കാൻ വീട് നോക്കുന്നതിനിടയിൽ അവിചാരിതമായി അദ്ദേഹത്തിന് കിട്ടിയ പുസ്തകമായിരുന്നു 'ഖസാക്കിന്റെ ഇതിഹാസം'. അപ്പോൾ തന്നെ അത് വായിച്ചില്ലെങ്കിലും കൈയ്യിൽ കരുതിയെന്നും, പിന്നീട് വായിച്ചപ്പോൾ 1989 ൽ ജനിച്ച തനിക്ക് 1969 ൽ ഇറങ്ങിയ ആ പുസ്തകം കാലത്തിനു അതീതമായി കണക്ട് ആയെന്നും അങ്ങനെ വായനയുടെയും എഴുത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞെന്നും ടോവിനോ പറയുന്നു.

content highlights : Actor Tovino about his love towards acting and books

To advertise here,contact us