സിനിമ പരാജയപ്പെട്ടപ്പോൾ വീട് പണയം വെച്ചു എന്ന വാർത്തകൾ തെറ്റ്, ഞാൻ പറഞ്ഞതിനെ വളച്ചൊടിക്കരുത്; ഷീലു എബ്രഹാം

"ഒരു സിനിമ ഇറങ്ങുമ്പോൾ 'പടക്കം വരുന്നു, അടുത്ത പടക്കം, ഇതും പൊട്ടും' എന്നുപറഞ്ഞ് അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്"

സിനിമ നിർമ്മാണരംഗത്തെ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് താൻ നടത്തിയ തമാശരൂപേണയുള്ള പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് നടി ഷീലു എബ്രഹാം. "പത്തുപതിനഞ്ചു കോടി രൂപ മുടക്കി ഞാൻ സിനിമയുണ്ടാക്കി എനിക്ക് നഷ്ടം വന്നു, വീട് പണയം വെക്കേണ്ടിവന്നു" എന്ന തരത്തിൽ വാർത്തകൾ വന്നത് ശരിയായ രീതിയല്ലെന്ന് റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു.

മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതിന് മുൻപ് സത്യസന്ധമാണോ എന്ന് ചോദിച്ച് തന്നെ സമീപിച്ചിട്ടില്ലെന്ന് ഷീലു തുറന്നടിച്ചു. തമാശരൂപേണ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. തന്റെ രണ്ട് സിനിമകൾക്ക് നഷ്ടം വന്നിട്ടുണ്ടെന്ന് താൻ പറഞ്ഞത്, സിനിമ നിർമ്മാണം എന്ന ബിസിനസ്സ് എത്രത്തോളം അപകടകരമാണെന്ന് പുതിയ നിർമ്മാതാക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു. താൻ അനുഭവിച്ച അതേ വിഷമങ്ങൾ മറ്റു നിർമ്മാതാക്കൾക്കും ഉണ്ടാകാതിരിക്കാനാണ് താൻ അത്തരമൊരു പരാമർശം നടത്തിയതെന്നും അവർ വ്യക്തമാക്കി.

"ആ നഷ്ടത്തെ ഞാൻ അവതരിപ്പിച്ചത് രസകരമായ രീതിയിലല്ലേ, ഒരു സിനിമയിറക്കുമ്പൊ ജനങ്ങള്‍ അതിനെ എങ്ങനെയാണ് 'പടക്കം വരുന്നു, അടുത്ത പടക്കം, ഇതും പൊട്ടും അങ്ങനെയാണ് നമ്മളെലേക്ക് അടിച്ചെല്‍പ്പിക്കുവാണ് ' ഷീലു എബ്രഹാം പറഞ്ഞു. ഒരു ചെറിയ സിനിമ വിജയിപ്പിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് തന്റെ അനുഭവത്തിലൂടെ ഷീലു ഓർമ്മിപ്പിച്ചു. തന്റെ ഒരു സിനിമ ഇപ്പോൾ മൂന്നാം വാരം തിയറ്ററിലുണ്ട്. പക്ഷേ, അത് അൻപത് തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത്. അതിന് നഷ്ടം തിരിച്ചുപിടിക്കണമെങ്കിൽ "സൂപ്പർ ഹിറ്റായി ഭയങ്കരമായി ഓടണം, 100 കോടി ക്ലബിൽ ഒക്കെ കയറണം", അല്ലാതെ നഷ്ടം തിരിച്ചുപിടിക്കാൻ സാധിക്കില്ല. സിനിമയെ ഒരു ബിസിനസ്സായി കണ്ടില്ലെങ്കിൽ സാമ്പത്തികമായി വലിയ നഷ്ടങ്ങളുണ്ടാകും.

തനിക്ക് നേരിട്ട അനുഭവങ്ങൾ മറ്റ് നിർമ്മാതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് എന്ന് ഷീലു സൂചിപ്പിച്ചു. "നിങ്ങൾ സിനിമ ചെയ്യാൻ വരുമ്പോൾ, ഒരുപാട് പണം മുടക്കുമ്പോൾ, 'കിടപ്പാടം' പോലും നഷ്ടപ്പെട്ടേക്കാം സൂക്ഷിക്കണം" എന്നൊരു ഹാസ്യരൂപേണയുള്ള മുന്നറിയിപ്പാണ് താൻ നൽകിയതെന്നും ഷീലു വ്യക്തമാക്കി.

സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ വന്നതിന് ശേഷം താൻ അഹങ്കാരിയായി മാറിയെന്നും, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുപാട് അറിവുകൾ തനിക്ക് ലഭിച്ചുവെന്നും അവർ പറയുന്നു. സിനിമയിലെ നഷ്ടം ഒരു നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമാണ്. താൻ അനുഭവിക്കുന്നത് പോലെ പുതിയ നിർമ്മാതാക്കൾക്കും അത്തരം വേദനകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ഷീലു കൂട്ടിച്ചേർത്തു.

content highlights : Sheelu abraham, criticizes media on misinterpreting her comment on movie production

To advertise here,contact us