ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ട്രെയ്ലറിന് ലഭിച്ചിരുന്നത്. തമിഴ്നാട്ടിലേത് പോലെ തന്നെ വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് വിദേശരാജ്യങ്ങളിലും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം നോർത്ത് അമേരിക്കയിൽ പുതിയ റെക്കോർഡ് നേടിയെന്നാണ് റിപ്പോർട്ട്.
അഡ്വാൻസ് ബുക്കിങ്ങിൽ നോർത്ത് അമേരിക്കയിൽ നിന്ന് കൂലി മൂന്ന് മില്യൺ യുഎസ് ഡോളർ നേടിയെന്നാണ് റിപ്പോർട്ടുകൾ. വിജയ് ചിത്രമായ ലിയോയെ ആണ് ഈ രജനി സിനിമ മറികടന്നിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായിട്ടാണ് നോർത്ത് അമേരിക്കയിൽ നിന്ന് മൂന്ന് മില്യൺ നേടുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവടങ്ങളിലും ഒപ്പമിറങ്ങുന്ന വാർ 2 വിനേക്കാളും കൂലി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം വാർ 2 വിനേക്കാൾ വലിയ ഓപ്പണിങ് കൂലി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അതേസമയം, കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്.
#Coolie worldwide premiers from 4.01 am IST 🔥More premier shows will be added then 🔥North America first $3M opening loading for a Tamil Film 🔥
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: coolie overtakes leo in north america market