സനാതന ധർമ്മ പ്രസ്താവന; കമൽ ഹാസന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് തമിഴ്നാട് ബിജെപി

സനാതനത്തെക്കുറിച്ച് കമൽ ഒരു പൊതുവേദിയിൽ പരാമർശിച്ചത് അനാവശ്യമായിരുന്നുവെന്ന് നടി ഖുശ്‌ബു പറഞ്ഞു

ചെന്നൈ: കമൽഹാസന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആഹ്വാനം ചെയ്ത് തമിഴ്നാട് ബിജെപി. കഴിഞ്ഞ ദിവസം അ​ഗരം ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച പരിപാടിയിലാണ് കമൽ സനാതന ധർമ്മത്തെക്കുറിച്ച് പറഞ്ഞത്. സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കമൽ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.

'രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്', കമൽ ഹാസൻ പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽ പറഞ്ഞു. ഈ പ്രസ്താവനയാണ് ഇപ്പോൾ തമിഴ്നാട് ബിജെപിയെ ചൊടിപ്പിച്ചത്.

സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമൽ ഹാസൻ ആണെന്നും കമലിന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ഇത്തരം പ്രസ്താവനകൾ അവർ പൊതുവേദിയിൽ പറയില്ലായെന്നും അമർ പ്രസാദ് റെഡ്ഡി പറഞ്ഞു. ഇപ്പോഴിതാ കമൽഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. സനാതനത്തെക്കുറിച്ച് കമൽ ഒരു പൊതുവേദിയിൽ പരാമർശിച്ചത് അനാവശ്യമായിരുന്നുവെന്ന് നടി ഖുശ്‌ബു പറഞ്ഞു. അതേസമയം കമൽഹാസനെ പിന്തുണച്ചുകൊണ്ട് ഡിഎംകെ വക്താവ് എ. ശരവണനും രം​ഗത്തെത്തി.

Content Highlights: Boycott kamal haasan movies by Tamil Nadu BJP

To advertise here,contact us