ലോകേഷ് സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന വില്ലൻ കഥാപാത്രം ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് രജനികാന്ത്. ഹൈദരാബാദിൽ വെച്ച് നടന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് നടന്റെ പ്രതികരണം.
'സൈമൺ എന്ന കഥാപാത്രമായ നാഗാർജുനയാണ് സിനിമയിലെ ഏറ്റവും വലിയ ആകർഷണം. സിനിമയുടെ കഥ കേട്ടപ്പോൾ, സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണത്തിന് വേണ്ടി അല്ല അദ്ദേഹം ഈ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത് എന്നത് എനിക്ക് ഉറപ്പാണ്. ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം, 'ഞാൻ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം' എന്ന്,' രജനികാന്ത് പറഞ്ഞു.
അതേസമയം, കൂലിയുടെ ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ രജനിക്കൊത്ത വില്ലൻ തന്നെയാകും നാഗാർജുന എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. രജനികാന്തിനെക്കാൾ താൻ കൺവിൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാർജുനയെ ആണെന്നും അദ്ദേഹത്തിന്റെ 40 വർഷത്തെ കരിയറിൽ ഇതുവരെ വില്ലൻ വേഷം ചെയ്തിട്ടില്ലെന്നും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Content Hightights: Rajinikanth says he wanted to play the villain role played by Nagarjuna in Coolie