സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് പിന്തുണയുമായി എത്തിയ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ വാക്കുകളിൽ പ്രതികരിച്ച് സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്ത്. സമകാലികരാണ് അവർ. എനിക്കും അവരോട് ബഹുമാനമേയുള്ളു. എതിർത്ത് പറയാൻ കഴിയാത്ത അത്ര ബഹുമാനം തമ്പി സാറിനോട് ഉണ്ട്. അദ്ദേഹം എന്തു പറഞ്ഞാലും കുഴപ്പമില്ല. ഇതെല്ലാം പൊതുജനങ്ങൾ കാണുന്നുണ്ടെന്ന് തത്സമയം റിപ്പോർട്ടർ ടിവിയോട് പുഷ്പവതി പ്രതികരിച്ചു. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നതിനിടെ പുഷ്പവതി സംസാരിച്ചത് മരിയാദകേടാണെന്നും അതുകൊണ്ട് പുഷ്പവതിയെ നാലുപേര് അറിഞ്ഞെന്നുമായിരുന്നു ശ്രീകുമാരൻ തമ്പി പറഞ്ഞത്.
പുഷ്പവതിയുടെ വാക്കുകൾ:
'ചിലന്തികൾ നിരന്തരം വലകെട്ടുമ്പോൾ നമ്മൾ അത് മാറ്റിക്കൊണ്ടേയിരിക്കും. ഒരു കാലഘട്ടം കഴിഞ്ഞാൽ അവിടെ തീർന്നു നവോദാനം സാമൂഹ്യ നിർമിതി എന്ന് വിചാരിക്കുന്നുണ്ടോ? ഏത് കാലത്താണെങ്കിലും കളകൾ വളരുമ്പോൾ പിഴുതു കളയണം. ചില കാര്യങ്ങൾ പറയേണ്ട സമയം പറയണം. അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകള് കേട്ടപ്പോള് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അത്ര ദളിത് വിരുദ്ധത വാക്കുകളിലുണ്ടായിരുന്നു. ചില സമയങ്ങളിൽ ഇടയ്ക്ക് കയറി പറയേണ്ടി വരും. ഒരു വിഭാഗം മനുഷ്യരെ അധിക്ഷേപിക്കുന്ന പോലെ തോന്നിയതുകൊണ്ടാണ് പ്രതികരിച്ചത്.തമ്പി സാർ എന്ത് പറഞ്ഞാലും മറുപടി പറയാൻ കഴിയില്ല. അത്രമാത്രം ബഹുമാനമാണ്. അച്ഛനെ പോലെ കരുതുന്ന ആളാണ്. വിഷമമുണ്ടെങ്കിലും അത് സാരമാക്കുന്നില്ല. സിനിമ - സാഹിത്യ - സംഗീത ലോകത്ത് എന്ത് കൊണ്ട് ദളിതർ മാറ്റിനിർത്തപ്പെട്ടവരായി എന്നതിന്റെ ചരിത്രം പഠിക്കണം. വഴക്കങ്ങളിലൂടെ വന്ന മനസുകൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതിനെ ക്ഷമിക്കുകയാണ്. വിവാദങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ താത്പര്യമില്ല. പറഞ്ഞ കാര്യങ്ങൾക്കാണ് പ്രാധാന്യം. തമ്പി സാറിനെ പോലുള്ളവർ ഇനിയും പ്രതികരിക്കും. അവർക്കും ഇതുപോലെയുള്ള മനോഭാവമുണ്ടാകും. അത് വിഷമിപ്പിക്കും. സാമൂഹിക നിർമിതിക്കായി സംഗീതത്തിലൂടെ സംസാരിക്കുന്നയാളാണ് ഞാന്. മുതിർന്നവർ മനസിലാക്കിയില്ലെങ്കിലും പുതിയ തലമുറ ഇതെല്ലാം മനസിലാക്കണം. ആശയപരമായ വിയോജിപ്പിൽ ഇടയിൽ കയറി പറയേണ്ടി വരും. ഒരുപാട് കാലങ്ങളോളം അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണത്. ആര് ശക്തി നൽകിയെന്നെ അടൂര് ഗോപാലകൃഷ്ണന് ചോദിച്ചതിന് അത് എന്റെ ഉള്ളിൽ തന്നെയുണ്ട് എന്നാണ് പറയാനുള്ളത്."
അതേസമയം നിയമപരമായി അടൂർ ഗോപാലകൃഷ്ണനെതിരെ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പുഷ്പവതി പറഞ്ഞു. പറയേണ്ട കാര്യം പറയേണ്ട സമയം പറഞ്ഞു. ക്രിയേറ്റീവ് പേഴ്സണായ തനിക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. മറ്റൊന്നിന്നും സമയമില്ലെന്നും മനസ് കൂടുതൽ വിശാലമാകാതെ ഒന്നും നടക്കില്ലെന്നും പുഷ്പവതി കൂട്ടിച്ചേർത്തു.
നല്ലതല്ലൊരുവൻ ചെയ്ത നല്ലകാര്യം മറപ്പത്.. നല്ലതല്ലാത്തത് ഉടനേ മറന്നീടുക.. അതുത്തമം എന്ന് പാടിയാണ് പുഷ്പവതി സംസാരം അവസാനിപ്പിച്ചത്.Content Highlights: Pushpavathy Poypadathu response to Sreeekumaran Thampi's words