ഹൃത്വിക്കിനെ കടത്തിവെട്ടുമോ എന്‍ടിആര്‍? അതിശയം പ്രകടിപ്പിച്ച് 'ഗ്രീക്ക് ഗോഡ്'

"ഡാൻസ് സ്റ്റെപ്പുകൾക്ക് റിഹേഴ്സൽ ആവശ്യമില്ല, എല്ലാം അദ്ദേഹത്തിന്റെ ഉള്ളിൽത്തന്നെ ഉണ്ട്' ആരാധകരെ അമ്പരപ്പിച്ച് ഹൃത്വിക്കിന്റെ വാക്കുകൾ.

ബോളീവുഡ് സൂപ്പര്‍താരം ഹൃത്വിക്ക് റോഷന്‍ തന്റെ പുതിയ ചിത്രമായ 'വാര്‍ 2'-ലെ സഹതാരം ജൂനിയര്‍ എന്‍ടിആറിനെ വാനോളം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ജൂനിയര്‍ എന്‍ടിആറിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ സാധിച്ചത് ഒരു അതിശയകരമായ അനുഭവമായാണ് ഹൃത്വിക്ക് കാണുന്നത്. ഒരു പൊതു പരിപാടിക്കിടെ നടത്തിയ അഭിമുഖത്തിലാണ് ഹൃത്വിക്ക് തന്റെ മനസ്സ് തുറന്നത്. 'വാര്‍ 2' വില്‍ തങ്ങള്‍ ഒരു 'ഡാന്‍സ് ഓഫ്' ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച ഹൃത്വിക്ക് ജൂനിയര്‍ എന്‍ടിആര്‍ 'പ്രതിഭാധനന്‍' എന്നാണ് വിശേഷിപ്പിച്ചത്.

'അദ്ദേഹം ഒരു അത്ഭുതമാണ്, അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് യാതൊരു റിഹേഴ്‌സലും ആവശ്യമില്ല. ഓരോ ചുവടുകളും അദ്ദേഹത്തിന്റെ ഉള്ളില്‍തന്നെയുണ്ട്. അത് ശരിക്കും അവിശ്വസനീയമാണ്.' എന്ന് ഹൃത്വിക്ക് പറഞ്ഞു.

ജൂനിയര്‍ എന്‍ടിആറിനൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഒരു അസാധാരണ അനുഭവമാണെന്നും അത് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചെന്നും ഹൃത്വിക്ക് കൂട്ടിച്ചേര്‍ത്തു. 'ഒരു കലാകരനെന്ന നിലയില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഈ അറിവുകൾ എന്റെ ഭാവിയിലെ പ്രോജക്റ്റുകളിലും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

സൂപ്പർഹിറ്റ് ചിത്രം 'വാർ' സിനിമയുടെ രണ്ടാം ഭാഗമാണ് 'വാർ 2'. ഹിന്ദി സിനിമയിലെയും തെലുങ്ക് സിനിമയിലെയും രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹൃത്വിക് റോഷന്റെയും ജൂനിയർ എൻടിആറിന്റേയും അഭിനയവും നൃത്തവും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള സന്തോഷത്തിലാണ്

സിനിമാ പ്രേമികൾ.

ചിത്രം 2025 ഓഗസ്റ്റ് 14ന് കൂലി തിയേറ്ററുകളിൽ എത്തും. ഇരു താരങ്ങളും തമ്മിലുള്ള ഈ സൗഹൃദവും പരസ്പര ബഹുമാനവും സിനിമയുടെ ഹൈപ്പ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ബോളിവുഡിന്റെയും ടോളിവുഡിന്റെയും ഈ മാസ്മരിക ഒത്തുചേരൽ കാണാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Content Highlights: Hrithik roshan praises Jnr NTR's dance and performance in War 2

To advertise here,contact us