രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. താൻ ചെയ്യുന്ന സിനിമകളുടെ റീലീസ് സമയത്ത് ഇമോജികളിലൂടെ സിനിമയുടെ റിവ്യൂ അനിരുദ്ധ് നൽകാറുണ്ടായിരുന്നു. ഇത് തനിക്ക് തിരിച്ചടി ആയെന്നും താൻ നൽകുന്ന ഇമോജികൾ കാരണം ആരാധകർ അമിതമായി പ്രതീക്ഷിക്കുന്നുവെന്നും അനിരുദ്ധ് പറഞ്ഞു. ഇമോജികൾ നൽകുന്നത് നിർത്തിയെന്നും അനിരുദ്ധ് കൂട്ടിച്ചേർത്തു. കൂലിയുടെ പ്രമോഷൻ ഭാഗമായി സൺ പിക്ചേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ഫയർ ഇമോജി ഇടുന്നത് നിർത്തി. ഞാൻ പാട്ട് ചെയ്യുന്ന പല സിനിമകളും പരാജയപ്പട്ടേക്കാം.
അത് എനിക്കറിയാം, അതുകൊണ്ട് ഇമോജി ഇട്ടാൽ അത് തെറ്റാകും. എനിക്ക് ശരിക്കും ഒരു ഫീല് തോന്നിയപ്പോഴാണ് ജയിലറിൽ ഞാൻ ഇമോജി ഇട്ടത്. എനിക്ക് അത്രയും ആത്മവിശ്വാസം ഉണ്ടായിട്ടാണ് പോസ്റ്റ് ചെയ്തത്. പക്ഷേ എല്ലാ സിനിമകൾക്കും ഫയർ ഇമോജി ഇടേണ്ടി വരുന്നത് തിരിച്ചടിയായി. കാരണം ആളുകളിൽ അത് വലിയ രീതിയിലുള്ള പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷേ കൂലി മികച്ച ചിത്രമാണ്. അതുകൊണ്ട് ഞാൻ ഇതാ ഇവിടെ ഇപ്പോള് ഒരു ഫയർ ഇമോജി നൽകുന്നു,' അനിരുദ്ധ് പറഞ്ഞു.
"I stopped putting emoji's. I know many films will fail, if I put emoji for that, it'll be wrong🤞. For #Jailer i really felt & posted, but it backfired me to put for all films🙁. But #Coolie came out superb, I'm giving Fire emoji here🔥"- #Anirudh pic.twitter.com/lX0aR41PMN
അതേസമയം, ആഗസ്റ്റ് 14 ന് കൂലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില് എത്തും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Anirudh Ravichander says he stopped using fire emojis during the release of the film