ഹാർഡ് ഡിസ്ക്ക് കുക്കു പരമേശ്വരന്റെ കയ്യിലാണ്, അത് ഞങ്ങൾക്ക് കിട്ടണം, ഇനി പിന്നോട്ടില്ല: പൊന്നമ്മ ബാബു

'ഈ വിഷയത്തിൽ കുക്കു പരമേശ്വരന് ഒഴിഞ്ഞു മാറാൻ പറ്റില്ല. ആ ഹാർഡ് ഡിസ്ക് ഞങ്ങൾക്ക് കിട്ടണം'

ഹേമ കമ്മറ്റി രൂപീകരിക്കുന്നതിന് മുൻപ് താരസംഘടനയായ A.M.M.A യിലെ സ്ത്രീകൾ ഒരുമിച്ചുകൂടി സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച മീറ്റിങിന്‍റെ ഹാര്‍ഡ് ഡിസ്ക് സംഘടനാ ഭാരവാഹിയായ കുക്കു പരമേശ്വരന്‍റെ കെെവശം ആണുള്ളതെന്നും ഈ ഡിസ്ക് തിരികെ വേണമെന്നുമാവശ്യപ്പെട്ട് നടി പൊന്നമ്മ ബാബു. ആ ഹാർഡ് ഡിസ്ക് കുക്കു പരമേശ്വരന്റെ കയ്യിലാണെന്ന് ആ മീറ്റിൽ പങ്കെടുത്ത എല്ലാവരും ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും വിഷയത്തിൽ ഇനി പിന്നോട്ടില്ലെന്നും പൊന്നമ്മ ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഹാർഡ് ഡിസ്ക് തങ്ങൾക്ക് കിട്ടണമെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടു.

'ഞാൻ മാത്രമല്ല അന്നത്തെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും വിശ്വസിക്കുന്നത് ഹാർഡ് ഡിസ്ക് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്ന് തന്നെയാണ്. ഈ വിഷയത്തിൽ കുക്കു പരമേശ്വരന് ഒഴിഞ്ഞു മാറാൻ പറ്റില്ല. ആ ഹാർഡ് ഡിസ്ക് ഞങ്ങൾക്ക് കിട്ടണം, ഞങ്ങൾ ഇനി പുറകോട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. പക്ഷെ അത് എനിക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല. കൂട്ടായി എടുക്കേണ്ട തീരുമാനമാണ്' എന്നായിരുന്നു പൊന്നമ്മ ബാബുവിന്റെ വാക്കുകൾ. A.M.M.A തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് വിമര്‍ശനവുമായി താരങ്ങള്‍ രംഗത്ത് എത്തിയത്.

ഒപ്പം നടി മാല പർവതിയെയും പൊന്നമ്മ ബാബു വിമർശിച്ചു. മെമ്മറി കാർഡ് വിവാദത്തിൽ മാല പാർവതി എന്തിനാണ് ഇടയിൽ നിൽക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. ഇതെല്ലാം ഒരു കോമഡി ആയി ഫീൽ ചെയ്യുന്നു എന്നാണ് മാല പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകളുടെ പ്രശ്‌നം അവർക്ക് എങ്ങനെയാണ് കോമഡി ആയി തോന്നിയതെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. മാലാ പാർവതി സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല എന്നും പൊന്നമ്മ ബാബു റിപ്പോർട്ടറിനോട് പ്രതികരിച്ചു.

മെമ്മറി കാർഡ് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു നേരത്തെ പറഞ്ഞിരുന്നു.

മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പായിരുന്നു കുക്കു പരമേശ്വരന്‍റെ നേതൃത്വത്തില്‍ സ്ത്രീകളുടെ യോഗം നടന്നത്. ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നെന്നും ഇതിന്‍റെ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ എന്നാൽ മെമ്മറി കാർഡ് പിന്നീട് നശിപ്പിച്ചെന്നാണ് കുക്കു പരമേശ്വരന്‍ പറഞ്ഞത്. നേരത്തെ നടി പ്രിയങ്കയും കുക്കു പരമേശ്വരന് എതിരെ രംഗത്ത് വന്നിരുന്നു. യോഗത്തില്‍ കാമറ ഉണ്ടായിരുന്നെന്നും ഒരു തെളിവിന് വേണ്ടിയാണ് കാമറ വെച്ചതെന്നായിരുന്നു കുക്കൂ പരമേശ്വരന്‍ പറഞ്ഞതെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 15 നാണ് താരസംഘടനയുടെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം.

Content Highlights: ponnamma babu against kukku parameswaran

To advertise here,contact us