ഒടുവിൽ അജയ് ദേവ്ഗണും അടിയറവ് പറഞ്ഞു; സൈയാരയ്ക്ക് മുന്നിൽ കിതച്ച് 'സൺ ഓഫ് സർദാർ 2'

സൈയാരാ, മഹാവതാർ നരസിംഹ തുടങ്ങിയ സിനിമകളുടെ കുതിപ്പ് സൺ ഓഫ് സർദാറിനെ സാരമായി ബാധിക്കുന്നുണ്ട്

അജയ് ദേവ്ഗൺ നായകനായി എത്തുന്ന സിനിമയാണ് സൺ ഓഫ് സർദാർ 2. അശ്വിനി ധിർ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമ സൺ ഓഫ് സർദാറിൻ്റെ രണ്ടാം ഭാഗമാണ് ഇത്. ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ തകരുന്ന കാഴ്ചയാണുണ്ടാകുന്നത്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വെറും 15.50 മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആദ്യ ദിനം 7.50 കോടി നേടിയ സിനിമ രണ്ടാം ദിനം 8 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്റെ കളക്ഷനിൽ പുരോഗതിയൊന്നും കാണുന്നില്ല എന്നാണ് ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. സൈയാരാ, മഹാവതാർ നരസിംഹ തുടങ്ങിയ സിനിമകളുടെ കുതിപ്പ് സൺ ഓഫ് സർദാറിനെ സാരമായി ബാധിക്കുന്നുണ്ട്. മോശം പ്രതികരണങ്ങളും സിനിമയ്ക്ക് വില്ലനാകുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മോശമാണ് സിനിമയെന്നും ചിത്രത്തിലെ തമാശകളൊന്നും തന്നെ ചിരിപ്പിക്കുന്നില്ലെന്നുമാണ് അഭിപ്രായങ്ങൾ. അജയ് ദേവ്ഗണിന്റെത് ഉൾപ്പെടെ മോശം പ്രകടനങ്ങൾ ആണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങിയത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആയിട്ടാണ് സൺ ഓഫ് സർദാർ 2 പുറത്തിറങ്ങിയത്. എഡിൻബർഗ്, ലണ്ടൻ, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അടുത്തിടെ അന്തരിച്ച നടൻ മുകുൾ ദേവിന്റെ അവസാന ചിത്രം കൂടിയാണ് സൺ ഓഫ് സർദാർ. അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, എൻ ആർ പച്ചിസി, പ്രവീൺ തൽരേജ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിരവധി സിനിമകൾക്ക് ഛായാഗ്രാഹകനായി പ്രവർത്തിച്ച വിജയ് കുമാർ അറോറയാണ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യ ഭാഗത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.

Content Highlights: Son Of Sardar 2 struggles at box office

To advertise here,contact us