71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്കാരം ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നടന് അഭിനന്ദന പ്രവാഹമായിരുന്നു. ബോളിവുഡിൽ നിന്നും, മലയാളത്തിൽ നിന്നും ഉൾപ്പടെ നിരവധി പേരാണ് നടനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയുന്നത്. 'നന്ദി മോഹൻലാൽ സാർ… നമുക്ക് ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം. ആലിംഗനങ്ങൾ' എന്നാണ് ഷാരൂഖ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Thank you @Mohanlal sir… let’s take an evening off and meet up. Big hugs. https://t.co/AAN8g9W0lZ
33 വര്ഷത്തെ സിനിമ കരിയറില് ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. നിരവധി ഫിലിം ഫെയര് അവാര്ഡുകളും 2005 ല് പത്മശ്രീ ബഹുമതി ഉള്പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്കാരം മാത്രം നടന് ലഭിച്ചിരുന്നില്ല.
എത്രയോ മികച്ച ചിത്രങ്ങൾ മുൻപ് ചെയ്തിരുന്നിട്ടും അന്ന് ലഭിക്കാത്ത ദേശീയ പുരസ്കാരം ഇന്ന് ലഭിച്ചതിലുള്ള അമർഷവും ആരാധകർക്കുണ്ട്. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.
Content Highlights: Shah Rukh Khan responds to Mohanlal's compliment