ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. താര സമ്പന്നമായ വേദിയിൽ വെച്ചായിരുന്നു ട്രെയ്ലർ ലോഞ്ച്. വേദിയിൽ നിന്നുള്ള രജനികാന്തിന്റെ പ്രസംഗം ആരാധകർക്കിടയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നാഗാർജുനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ലോകേഷ് ഒരു കാമിയോ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം താൻ കമൽ ഹാസൻ ആയിരിക്കുമെന്ന് കരുതിയെന്നും എന്നാൽ നാഗാർജുന്റെ പേര് പറഞ്ഞപ്പോൾ ഞെട്ടിയെന്നും രജനികാന്ത് പറഞ്ഞു. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രം മങ്കാത്തയിലെ അജിത്തിനേക്കാൾ മേലെ ആണെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
'നാഗാർജുന ഈ സിനിമയിലെ വില്ലൻ വേഷം ചെയ്യാമെന്ന് സമ്മതിച്ചപ്പോൾ എന്റെ മനസിൽ വന്നത് വെങ്കട് പ്രഭു അജിത്തിന് വേണ്ടി എഴുതിയ ഒരു ഡയലോഗാണ്. മങ്കാത്ത സിനിമ എല്ലാവരും കണ്ടിട്ടുണ്ടാകും. അതിൽ അജിത്തിന്റെ ക്യാരക്ടർ പറയുന്നുണ്ട് 'ഞാനും എത്ര നാളാണെന്ന് വെച്ചാണ് നല്ലവനായി അഭിനയിക്കുന്നത്' എന്ന്. ഈ സിനിമയിലെ ക്യാരക്ടർ അതിനും മേലെയാണ്.
ഷൂട്ട് തുടങ്ങി ഒരുമാസം കഴിഞ്ഞു. 'ഈ സിനിമയിൽ ഒരു കാമിയോ റോൾ ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹം ഈ സിനിമയിലേക്ക് വരുമോ എന്നറിയില്ല, സാർ വിളിച്ചാൽ മാത്രം അദ്ദേഹം വരും' എന്ന് ലോകേഷ് പറഞ്ഞു. എനിക്ക് പെട്ടെന്ന് സംശയമായി. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് ചിന്തിച്ചു. ഇനി കമൽ ഹാസനാണോ? അയാളുടെ ഫാൻബോയ്യാണ് ഇദ്ദേഹം. വിക്രം എന്ന സിനിമ ഇവർ ചെയ്തതാണ്. കമലിനെയാണോ ഉദ്ദേശിച്ചതെന്ന് ആദ്യം ചിന്തിച്ചു,' രജിനികാന്ത് പറഞ്ഞു.
Content Highlights: rajinikanth about nagarjuna