യൂട്യൂബിൽ ആമിർ ഖാന്റെ സിനിമ ഒന്നിച്ചിരുന്ന് ആസ്വദിച്ച് കൂലി ടീം, വൈറലായി ചിത്രങ്ങൾ

ലോകേഷ്, ശ്രുതി ഹാസൻ, ഉപേന്ദ്ര, നാഗാർജുന, സൗബിൻ തുടങ്ങി കൂലിയിലെ കാസ്റ്റ് ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്.

ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് 'സിത്താരെ സമീൻ പർ'. ഒടിടിയെ തഴഞ്ഞ് എല്ലാ പ്രേക്ഷകരിലേക്കും ചിത്രം എത്തുന്നതിനായി നടൻ സിനിമ യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കൂലി സിനിമയുടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിന് ശേഷം താരങ്ങൾ ഒത്തുചേർന്ന് സിത്താരെ സമീൻ പർ കണ്ടിരിക്കുകയാണ്. ലോകേഷ്, ശ്രുതി ഹാസൻ, ഉപേന്ദ്ര, നാഗാർജുന, സൗബിൻ തുടങ്ങി കൂലിയിലെ കാസ്റ്റ് ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്.

ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ആമിർ ഖാൻ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നത്. 100 രൂപ കൊടുത്ത് പ്രേക്ഷകർക്ക് പേ പെർ വ്യൂ ഓപ്ഷനിലൂടെ സിനിമ കാണാവുന്നതാണ്. ഒരു വലിയ കമ്പനി നൽകുന്ന 125 കോടി തനിക്ക് വേണ്ടെന്നും പകരം ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് തനിക്ക് ആവശ്യമെന്നും ആമിർ മാധ്യമങ്ങളോട് സംസാരിക്കവെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exclusive:Superstar Aamir Khan is enjoying Sitaare Zameen Par with Coolie movie's whole Cast & Crew.#Nagarjuna #AamirKhan Lokesh Kanagraj, Upendra and Shruti Hassan were also present. pic.twitter.com/Bs1I4TtdR3

അതേസമയം, ലോകേഷ് സംവിധാനത്തിൽ എത്തുന്ന കൂലിയാണ് ആമിർഖാന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആമിർ ഖാൻ രജിനികാന്തിനൊപ്പം കുറച്ച് സമയം മാത്രമാണ് സ്ക്രീൻ ഷെയർ ചെയ്യുന്നതെങ്കിലും പവർ ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് ട്രെയ്ലർ നൽകിയ സൂചന.

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Coolie team watched Aamir Khan's movie on YouTube

To advertise here,contact us