'എന്തൊരു പോക്കാ ഇത്, സെറ്റിൽ വച്ച് വേദന വന്ന സമയത്തേ ഡോക്ടറെ കണ്ടിരുന്നെങ്കിൽ..';വേദന പങ്കുവച്ച് വിനോദ് കോവൂർ

സെറ്റില്‍ വച്ച് നെഞ്ച് വേദന വന്നപ്പോള്‍ തന്നെ ചികിത്സിച്ചിരുന്നെങ്കില്‍ ഈ നഷ്ടം സംഭവിക്കില്ലായിരുന്നല്ലോയെന്നും അദ്ദേഹം കുറിപ്പിലോര്‍ക്കുന്നുണ്ട്

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാ മേഖലയും മലയാളികളും. താരത്തിന്റെ മരണത്തിന് പിന്നാലെ പഴയ ഓര്‍മകളും ദുഃഖവും പങ്കുവച്ചിരിക്കുകയാണ് അഭിനേതാവ് വിനോദ് കോവൂര്‍. വിവരം അറിഞ്ഞപ്പോള്‍ വ്യാജ വാര്‍ത്തയാവണേയെന്ന് ആഗ്രഹിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ജീവനറ്റ ശരീരം മോര്‍ച്ചറിക്ക് മുന്നില്‍ കണ്ടശേഷം പിന്നീട് തിരികെ മടങ്ങുമ്പോള്‍ മനസില്‍ മുഴുവന്‍ നവാസിക്കയുടെ ചിന്തകളായിരുന്നു. സെറ്റില്‍ വച്ച് നെഞ്ച് വേദന വന്നപ്പോള്‍ തന്നെ ചികിത്സിച്ചിരുന്നെങ്കില്‍ ഈ നഷ്ടം സംഭവിക്കില്ലായിരുന്നല്ലോയെന്നും അദ്ദേഹം കുറിപ്പിലോര്‍ക്കുന്നുണ്ട്.

ഷൂട്ടിംഗ് തടസപ്പെടേണ്ടെന്ന് കരുതി ഡോക്ടറെ വിളിച്ച് നവാസ് സംസാരിച്ചിരുന്നെന്നും ചിത്രീകരണം കഴിഞ്ഞ് ആശുപത്രിയില്‍ പോകാമെന്ന് കരുതികാണുമെന്നും വിനോദ് കോവൂര്‍ പറയുന്നു. ഒരുമിച്ച് ഒരുപാട് സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇനി ഓര്‍മകളില്‍ മാത്രമാണ് നവാസിക്ക എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. മുമ്പ് അമ്മ കുടുംബ സംഗമത്തില്‍ പാട്ടുപാടിയും കോമഡി ചെയ്തും എല്ലാവരുടെയും പ്രോത്സാഹനം ഏറ്റുവാങ്ങുന്ന നവാസിക്കയെ അന്ന് കെട്ടിപ്പിടിച്ചതടുക്കമുള്ള നല്ല ഓര്‍മകള്‍ വിനോദ് കോവൂര്‍ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

നവസ്‌ക്ക എന്തൊരു പോക്കാ ഇത് വിവരം അറിഞ്ഞപ്പോള്‍ ഫേക്ക് ന്യൂസ് ആവണേന്ന് ആഗ്രഹിച്ചു. പക്ഷേ.. കളമശ്ശേരി മോര്‍ച്ചറിയുടെ മുമ്പില്‍ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി.കവിളത്ത് തട്ടി നവാസ്‌ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോള്‍, പ്രിയപ്പെട്ടവരെ മുഴുവന്‍ കാണാതെ ആ കണ്ണുകള്‍ അടയില്ല. ജീവനറ്റ ശരീരം മോര്‍ച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ നവാസ്‌ക്കയുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റില്‍ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ട റൂമില്‍ എത്തി യഥാര്‍ത്ഥ ജീവിതത്തിലെ റോളും പൂര്‍ത്തിയാക്കി നവാസ്‌ക്ക കാലായവനികക്കുള്ളില്‍ മറഞ്ഞു. ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീര്‍കുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവന്‍. സെറ്റില്‍ വെച്ച് നെഞ്ച് വേദനയുണ്ടായി. എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയില്‍ പോകാതെ അഭിനയ ജോലിയില്‍ മുഴുകി .ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷേ... അപ്പഴേക്കും രംഗബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി. എങ്കിലുകള്‍ക്ക് ഇവിടെ സ്ഥാനമില്ലല്ലോ...നവാസ്‌ക്കയുടെ സമയം വന്നു നവാസ്‌ക്ക പോയി അത്ര തന്നെ..

കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തില്‍ പാട്ടുപാടിയും വ്യത്യസ്ത കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്‌ക്ക, ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓര്‍ക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകള്‍ അതിലുപരി ഒരു സഹോദര സ്‌നേഹമായിരുന്നു നവാസ്‌ക്കക്ക്. ഇനി നവാസ്‌ക്ക ഓര്‍മ്മകളില്‍ മാത്രം വിശ്വസിക്കാന്‍ പ്രയാസം. പടച്ചോന്‍ നവാസ് ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു ഇന്ന് പോസ്റ്റ് മാര്‍ട്ടം സഹിക്കാനാകുന്നില്ല നവാസ്‌ക്ക...

ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാന്‍ ശരിക്കും പേടിയാവുകയാണ് അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്‌ക്ക യുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും വേഷം തീര്‍ന്നാല്‍ വേദി ഒഴിയണ്ടേ ആരായാലും. പ്രണാമം

ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനം നടത്തും.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിക്ടറ്റീവ് ഉജ്വലനാണ് പുറത്തിറങ്ങിയ അവസാന ചിത്രം. അഭിനയത്തിനൊപ്പം ഗായകനായും തിളങ്ങിയിരുന്നു.

Content Highlights: Vinod Kovoor remembering Kalabhavan Navas

To advertise here,contact us