സിനിമാനിർമാണത്തിലേക്ക് കൂടുതൽ പേരെ എത്തിക്കാനുള്ള നിർദേശങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു: കോൺക്ലേവിൽ മോഹൻലാൽ

'സിനിമ ഒട്ടനവധി അടിസ്ഥാനവര്‍ഗ തൊഴിലാളികളുടെ ഉപജീവന മാര്‍ഗം കൂടിയാണ്, സിനിമാനയം അവരുടെ ക്ഷേമവും ഉറപ്പുവരുത്തുമെന്ന് പ്രത്യാശിക്കുന്നു'

മലയാള സിനിമയിൽ ചലച്ചിത്ര നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കോൺക്ലേവിന് ആശംസകളും അഭിനന്ദങ്ങളും അറിയിച്ച് നടൻ മോഹൻലാൽ. കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മോഹൻലാൽ.

മലയാള ചലച്ചിത്രമേഖലയുടെ ഭൂതം വർത്തമാനം ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നൽകാനും കഴിയുമെന്ന് മോഹൻലാൽ കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ചലച്ചിത്രമേഖല ഒട്ടനവധി അടിസ്ഥാനവർഗ തൊഴിലാളികളുടെ ഉപജീവന മാർഗം കൂടിയാണ്. അവരുടെ ക്ഷേമം ഉറപ്പാക്കുന്ന ഒന്നാകും സിനിമാനയം എന്ന് പ്രത്യാശിക്കുന്നു. ചലച്ചിത്രനിർമാണം കൂടുതൽ ജനകീയമാക്കാനും കൂടുതൽ പേരെ നിർമാണപ്രക്രിയയിലേക്ക് എത്തിക്കാനുള്ള നിർദേശങ്ങൾ ഈ ചലച്ചിത്രനയത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നതായും മോഹൻലാൽ പറഞ്ഞു.

ഇത്തരമൊരു ചലച്ചിത്രനയം രൂപീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച സാംസ്‌കാരിക വകുപ്പിനും നേതൃത്വം നൽകുന്ന മന്ത്രി സജി ചെറിയാനെയും മോഹൻലാൽ അഭിനന്ദിച്ചു. 'മലയാള സിനിമയക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ കാലത്തും നല്ല സഹകരണമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ വ്യവസായത്തെ മികച്ചതാക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവും അതിലേക്ക് എത്തിച്ച പല ഘട്ടങ്ങളായുള്ള ചർച്ചകളുമൊക്കെ തന്നെ ഈ തൊഴിൽമേഖലയോട് സർക്കാർ പുലർത്തുന്ന ഗൗരവകരമായ പരിഗണന വ്യക്തമാക്കുന്നതാണ്.

മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയ്ക്ക്, ഈ വ്യവസായത്തിലൂടെ വളർന്ന് ഇതിന്റെ ഭാഗമായി നിൽക്കുന്നെ എന്നെ സംബന്ധിച്ചിടത്തോളം കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള നവീകരണങ്ങളിൽ ചില പരിമിതികളുണ്ടാകാം. അവ കൂട്ടായ ചർച്ചകളിലൂടെ തിരുത്താനും പരിഹരിക്കാനുമാകുമെന്നാണ് എന്റെ ഉത്തമ വിശ്വാസം. വിദ്യഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം എന്നീ മേഖലകളിലെല്ലാം കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിലൂടെ കേരളം കൾച്ചറൽ ഗവേണൻസിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചലച്ചിത്രനയരൂപീകരണത്തിന്റെ ഭാഗമായി ഇന്ന് ഇവിടെ ആരംഭിക്കുന്ന ഇന്റർനാഷണൽ കോൺക്ലേവ് ഫലപ്രദമായ ചർച്ചകൾക്കും ക്രിയാന്മകവും കേരളത്തിന്റെ സംസ്‌കാരിക തനിമ പ്രതിഫലിക്കുന്നതുമായ ചലച്ചിത്ര നയരൂപീകരണത്തിന് ഈ കോൺക്ലേവ് വഴിയൊരുക്കുമെന്ന് കരുതുന്നു,' മോഹൻലാൽ പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ച് കേരള ഫിലിം പോളിസി കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമ്മേളനത്തിൽ മോഹൻലാലും സുഹാസിനി മണിരത്നവുമാണ് മുഖ്യാതിഥികളായത്.

Content Highlights: Mohanlal on Malayalam cinema conclave

To advertise here,contact us