'ഇപ്പോൾ നമ്മൾ സംസാരിക്കുന്നു, തിരികെ വീടെത്തുമെന്ന് ഒരു ഉറപ്പുമില്ല';കലാഭവൻ നവാസിന്റെ മുൻ അഭിമുഖം ചർച്ചയിൽ

ഒരു അഭിമുഖത്തില്‍ മനുഷ്യരുടെ ജീവിതം എത്ര ചെറുതാണെന്നും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അദ്ദേഹം പറയുന്ന ഭാഗം വീണ്ടും പലരും പങ്കുവയ്ക്കുകയാണ്

90സ് കിഡ്‌സ് വീണ്ടും വീണ്ടും ടെലിവിഷനിലും യൂടൂബിലുമൊക്കെ കാണുന്ന ഒരു പിടി നല്ല ചിത്രങ്ങളിലെയും മിമിക്രി പരിപാടികളിലെയും സ്ഥിരസാന്നിധ്യം കലാഭവന്‍ നവാസ് അപ്രതീക്ഷിത വിയോഗത്തിലൂടെ സിനിമാ-മിമിക്രി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

സിനിമാ സീരിയല്‍ മിമിക്രി മേഖലയിലുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് സദാ ഒരു ചിരിയുമായി അവരുടെ മുന്നിലെത്തുന്ന നവാസിനെ കുറിച്ചാണ്. പഴയകാല സിനിമകളിലെ ഇന്നുമോര്‍ക്കുന്ന കോമഡിയും സ്‌റ്റേജ് പരിപാടികളിലെ ലൈവ് സ്‌കിറ്റുകളുമെല്ലാം തീര്‍ത്ത ഓളം കലാസ്വാദകര്‍ക്ക് മറക്കാനാവില്ല. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് മാറി നിന്നെങ്കിലും മലയാളികള്‍ നവാസിനെ മറന്നിരുന്നില്ല.

സോഷ്യല്‍മീഡിയയിലെ പല പ്ലാറ്റ്‌ഫോമകളിലൂടെ അദ്ദേഹം നമ്മളിലേക്ക് ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്നു. മരണവിവരം പുറത്ത് വന്നതിന് പിന്നാലെ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനുഷ്യരുടെ ജീവിതം എത്ര ചെറുതാണെന്നും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അദ്ദേഹം പറയുന്ന ഭാഗം ഇപ്പോള്‍ പലരും പങ്കുവയ്ക്കുകയാണ്. ആ വീഡിയോയില്‍ പറഞ്ഞതു പോലെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയാത്തതു പോലെയാണ് അദ്ദേഹവും ലോകത്തോട് വിടപറഞ്ഞത്.

വീഡിയോയില്‍ നവാസ് പറയുന്നത് ഇങ്ങനെയാണ്: 'ഇപ്പോള്‍ ഇവിടെയുണ്ട് നാളെ എവിടെയാണെന്ന് അറിയില്ല. ഈ നിമിഷം എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത നിസഹായരാണ് മനുഷ്യര്‍. അതിനൊക്കേയുള്ള അവസരമേ നമുക്ക് തന്നിട്ടുള്ളു. ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നേരം വെളുത്താല്‍ വെളുത്തെന്ന് പറയാം. ബാക്കി ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നു, ഞാന്‍ തിരിച്ച് വീടെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണുമെന്ന ഗ്യാരണ്ടി ഇല്ലായിരുന്നു. അത്രേയുള്ളു മനുഷ്യര്‍'

നവാസിന്‍റെ ഈ വാക്കുകളെ നോവോടെ ഓര്‍ക്കുകയും പങ്കുവെക്കുകയും ചെയ്യുകയാണ് പ്രേക്ഷകര്‍.

Content Hightights: Kalabhavan Navas's word about life's uncertainity goes viral

To advertise here,contact us