'അനിയാ...നിന്‍റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്'; ദുഃഖം പങ്കുവച്ച് ഷമ്മി തിലകൻ

സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ഈ സ്‌നേഹബന്ധം ഒരു നിധിപോലെ എന്നും താന്‍ സൂക്ഷിക്കുമെന്നും ഷമ്മി തിലകന്‍ കുറിച്ചു

പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ നവാസിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ് മലയാളികളും മലയാള സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും. നവാസ് ഈ ലോകത്ത് നിന്നും യാത്രയായത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് വേദന പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍ കുറിച്ചത്. സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ഈ സ്‌നേഹബന്ധം ഒരു നിധിപോലെ എന്നും താന്‍ സൂക്ഷിക്കുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുള്ളത്.

നവാസിന്റെ വിയോഗം ഹൃദയത്തിന്റെ തീരാനോവാണെന്നും ഓര്‍മകള്‍ക്ക് മരണമില്ലെന്നും ഇരുവരുടെയും പിതാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന ബന്ധം പോലെ നവാസും നിയാസും സഹോദര തുല്യരാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പ്രിയ നവാസ്,

നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു.

ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും.

നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ.....

നിൻ്റെ ഓർമ്മകൾക്ക് മരണമില്ല.

സുന്ദരമായ നിന്‍റെ ഈ പുഞ്ചിരി, നിന്‍റെ സ്നേഹം, എല്ലാം...;

ഒരു മായാത്ത നോവായി എക്കാലവും എന്‍റെ മനസ്സിൽ ജീവിക്കും.

ആദരാഞ്ജലികൾ, പ്രിയ സഹോദരാ.

ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനം നടത്തും.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിക്ടറ്റീവ് ഉജ്വലനാണ് പുറത്തിറങ്ങിയ അവസാന ചിത്രം. അഭിനയത്തിനൊപ്പം ഗായകനായും തിളങ്ങിയിരുന്നു.

Content Highlights: Actor Shammy Thilakan express grief on Kalabhavan Navas's demise

To advertise here,contact us