പൃഥ്വിരാജ്, കജോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കയോസ് ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് സർസമീൻ. ഒരു ആക്ഷൻ ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടി കജോളിനെകൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നരസിംഹത്തിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആയ 'എന്താ മോനെ ദിനേശാ' ആണ് കജോളിനെക്കൊണ്ട് പൃഥ്വിരാജ് പറയിപ്പിക്കുന്നത്. തോൾ ചരിച്ച് ലാലേട്ടൻ സ്റ്റൈലിൽ ആണ് കജോൾ രസകരമായി ഡയലോഗ് അവതരിപ്പിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. തന്റെയും കേരളത്തിലെ എല്ലാ മോഹൻലാൽ ആരാധകരുടെയും ഗുഡ് ബുക്സിൽ നടി ഇതോടെ കയറിപറ്റിയെന്നും പൃഥ്വിരാജ് കജോളിനോട് പറയുന്നുണ്ട്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
Kajol delivers Lalettan’s Iconic Dialogue... 💫 Prithvi😍@itsKajolD @PrithviOfficial @Mohanlal #Mohanlal pic.twitter.com/K1ezbHWZNT
ധര്മ്മ പ്രൊഡക്ഷന്സ് ആണ് സിനിമ നിര്മ്മിക്കുന്നത്. ജൂലൈ 25 നാണ് സിനിമ റിലീസ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നത്. നാദാനിയാന് എന്ന ചിത്രത്തിലൂടെയായിരുന്നു ഇബ്രാഹിം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. 4.5 മില്യൺ പ്രേക്ഷകരാണ് ഇതുവരെ ചിത്രം ജിയോഹോട്ട്സ്റ്റാറിലൂടെ കണ്ടിരിക്കുന്നത്.
Content Highlights: Kajol delivers Lalettan’s Iconic Dialogue