'എഫ് വൺ' ഐമാക്‌സിൽ മിസ്സായോ? ഇതാ വീണ്ടും ഒരു അവസരം കൂടി; ഐമാക്‌സിൽ റീ റിലീസിനൊരുങ്ങി ബ്രാഡ് പിറ്റ് ചിത്രം

ഇതോടെ കോവിഡിന് ശേഷം ഒരു ഒറിജിനൽ സിനിമ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ചിത്രമായി എഫ് 1 മാറി

ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ആഗോള മാർക്കറ്റിൽ ചിത്രം റെക്കോർഡ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്.

റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 500 മില്യൺ യുഎസ് ഡോളറാണ് സിനിമ നേടിയിരിക്കുന്നത്. യുഎസ്സിൽ നിന്നും 164 മില്യൺ ഡോളേഴ്‌സ് സ്വന്തമാക്കിയ ചിത്രം മറ്റു ഓവർസീസ് മാർക്കറ്റിൽ നിന്ന് നേടിയത് 337 യുഎസ് ഡോളറാണ്. ഇന്ത്യയിൽ നിന്ന് ചിത്രം 100 കോടിക്കും മുകളിൽ നേടിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഇതോടെ കോവിഡിന് ശേഷം ഒരു ഒറിജിനൽ സിനിമ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ചിത്രമായി എഫ് 1 മാറി. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ ആണ് ഒന്നാം സ്ഥാനത്ത്. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രേക്ഷകർ ഐമാക്സ് സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം, ചിത്രം ഐമാക്സ് സ്‌ക്രീനുകളിലേക്ക് തിരിച്ചുവരുന്നു എന്ന് പിങ്ക് വില്ലയുടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഗസ്റ്റ് എട്ട് മുതൽ ചിത്രം ഐമാക്‌സിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ഇതോടെ ചിത്രത്തിന്റെ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. ഈ വർഷം ഒരു ഹോളിവുഡ് സിനിമ ഇന്ത്യയിൽ നിന്ന് നേടിയ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആണ് എഫ് വണ്ണിൻ്റേത്.

Content Highlights: F1 re releasing on IMAX soon

To advertise here,contact us