തുറിച്ചുനോട്ടവും ലൈംഗികച്ചുവയുള്ള സംസാരവും ഒഴിവാക്കാൻ; പർദ ധരിച്ചതിന്റെ കാരണം വ്യക്തമാക്കി സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പര്‍ദ ധരിച്ചായിരുന്നു സാന്ദ്ര തോമസ് എത്തിയത്

നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസും രംഗത്ത് വന്നിരിക്കുകയാണ്. സംഘടനയും സാന്ദ്ര തോമസും തമ്മില്‍ രൂക്ഷമായ ഭിന്നതകളും നിയമനടപടികളും വരെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര എത്തിയത്. പര്‍ദ ധരിച്ചായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് സാന്ദ്ര എത്തിയത്.

തുറിച്ചനോട്ടവും ലൈംഗികച്ചുവയുള്ള സംസാരവും ഒഴിവാക്കാനാണ് പര്‍ദയിട്ട് വന്നതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ഭാരവാഹികളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് സാന്ദ്ര സംസാരിച്ചത്.

'ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ അസോസിയേഷനില്‍ വരാന്‍ ഏറ്റവും ഉചിതമായ വസ്ത്രം ഇത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അസോസിയേഷന്റെ പ്രസിഡന്റ് ആന്റോ ജോസഫ് ഞാന്‍ നല്‍കിയ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി രാഗേഷും ഭാരവാഹിയാണ്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സ്ത്രീ നിര്‍മാതാക്കള്‍ക്ക് എന്ന് മാത്രമല്ല, ഒരു സ്ത്രീയ്ക്കും കടന്നുവരാന്‍ പറ്റിയ സേഫ് സ്‌പേസല്ല ഇത്. പതിറ്റാണ്ടുകളായി 10-15 പുരുഷന്മാര്‍ ഈ അസോസിയേഷനെ കുത്തകയായി വെച്ചിരിക്കുകയാണ്,' സാന്ദ്ര തോമസ് പറഞ്ഞു.

മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു.

ഓഗസ്റ്റ് 14നാണ് അസോസിയേഷനിലെ തെരഞ്ഞെടുപ്പ് നടക്കുക. മറ്റ് നിര്‍മാതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും മത്സരത്തില്‍ വിജയിക്കുമെന്നുമാണ് സാന്ദ്രയുടെ വാക്കുകള്‍. എന്നാല്‍ സാന്ദ്ര തോമസിന്റേത് വെറും പ്രഹസനമാണെന്നും അവര്‍ സംഘടനയിലെ ചിലര്‍ക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നുമാണ് അസോസിയേഷനിലെ ചിലരുടെ പ്രതികരണം.

Content Highlights: Sandra Thomas explains why she wore parda to producers association

To advertise here,contact us