'പ്രശാന്ത് നീലിൻ്റെ Dragonൽ ടൊവിനൊക്കൊപ്പം ആ മലയാള നടനുമുണ്ട്; അർഹിച്ച റെസ്‌പെക്ട് ലഭിക്കും'; പൃഥിരാജ്‌

സലാറിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എൻടിആറാണ് നായകന്‍

കെജിഎഫ് ഫ്രാഞ്ചൈസ്, സലാർ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ ഒരു സംവിധായകനാണ് പ്രശാന്ത് നീൽ. ജൂനിയർ എൻ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ഡ്രാഗൺ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടതെന്നും എന്നാൽ തമിഴിൽ പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ വന്നതുകൊണ്ട് പേര് മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ മലയാളി നടനായ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത് പോലെ ഡ്രാഗൺ എന്ന് തന്നെയായിരിക്കും പേരെന്ന് കരുതുകയാണ് ആരാധകർ. അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് സംസാരിച്ച പൃഥ്വിരാജ് ഡ്രാഗൺ എന്ന് തന്നെയാണ് പറഞ്ഞത്. മലയാളി താരങ്ങളായ ടൊവിനോ തോമസും ബിജു മെനോനും ചിത്രത്തിൽ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രശാന്ത് നീൽ ഇവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെയുള്ള റോളുകൾ നൽകുമെന്ന് കരുതുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

'ഡ്രാഗണിന്റെ കാര്യം പറയുകയാണെങ്കിൽ എനിക്ക് അറിയാം ടൊവിനോ അതിൽ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജുമെനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടൻമാർക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകികൊൊണ്ടുള്ള റോൾ പ്രശാന്ത് നൽകുമെന്ന് എനിക്ക് അറിയാം,' പൃഥ്വിരാജ് പറയുന്നു.

'NTRNEEL' എന്നായിരുന്നു ഈ ചിത്രത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ഡ്രാഗൺ എന്നാണെനുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീട് പ്രദീപ് രംഗനാഥൻ നായകാനെത്തി സൂപ്പർഹിറ്റായ ഡ്രാഗൺ എന്ന തമിഴ് ചിത്രമെത്തിയതോടെ മറ്റൊരു ടൈറ്റിൽ നോക്കുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാലിപ്പോൾ പൃഥ്വിരാജ് ഈ ചിത്രത്തെ ഡ്രാഗൺ എന്ന് പറഞ്ഞതോടെ വീണ്ടും ആ പേരിൽ തന്നെ എത്തിയിരിക്കുകയാണ് ആളുകൾ.

അടുത്ത വർഷം ആദ്യം ഈ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് ഹീറോയായ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കുള്ളത്.

Content Highlights- Prithviraj Sukumaran talks about Prashanth Neel movie dragon

To advertise here,contact us