സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്. റിപ്പോര്ട്ടറിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിയേറ്റര് ലാഭകരമായി നടത്താന് കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല് സര്വകലാശാലയുമായി കരാര് ഒപ്പുവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല് സര്വകലാശാലയുമായി കരാര് ഒപ്പിട്ടുകഴിഞ്ഞു. അവര് സോഫ്റ്റ്വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റില് നീക്കിവെച്ചിട്ടുണ്ട്. ഇ- ടിക്കറ്റിംഗ് സംവിധാനം വരുമ്പോള് ടിക്കറ്റ് നിരക്കില് ഏകീകരണം വരും' സജി ചെറിയാന് പറഞ്ഞു.
തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളില് ഉപയോഗിക്കാന് കഴിയുന്ന രീതിയിലേക്ക് മാറാന് പുതിയ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തിയേറ്ററുകള് ലാഭകരമായി പ്രവര്ത്തിക്കാന് കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട അടുത്തിടെ ചര്ച്ചകള് ഉയര്ന്നിരുന്നു. ഡിമാന്ഡ് വര്ധിക്കുന്നതിനനുസരിച്ച് സിനിമകളുടെ ടിക്കറ്റ് വില തിയേറ്ററുകള് വര്ധിപ്പിക്കുന്നത് വിമര്ശനങ്ങള്ക്കും ഇടയാക്കിയിരുന്നു.
Content Highlights: Film ticket price will be unified says Kerala minister Saji Cherian