ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ഗംഭീര കളക്ഷൻ ആണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും സിനിമ നേടിയിരിക്കുന്നത്.
ചിത്രം ഇന്ത്യയിൽ നിന്നും 100 കോടി നേടിയെന്നാണ് ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ഐമാക്സ് സ്ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രേക്ഷകർ ഐമാക്സ് സ്ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
#F1TheMovie has amassed 100cr GBOC in India 👏👏👏 @WarnerBrosIndia pic.twitter.com/HWWxbvwA7l
ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. ഈ വർഷം ഒരു ഹോളിവുഡ് സിനിമ ഇന്ത്യയിൽ നിന്ന് നേടിയ രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആണ് എഫ് വണ്ണിൻ്റേത്. ആദ്യ ആഴ്ചയിൽ ചിത്രം 34.50 കോടി നേടിയപ്പോൾ രണ്ടാമത്തെ ആഴ്ചയിൽ 24.50 കോടിയും മൂന്നാമത്തെ വാരത്തിൽ 13.50 കോടിയും വാരിക്കൂട്ടി.
Content Highlights: F1 crosses 100 crores from indian box office