ഫുൾ ഫൈറ്റ്, മാസ് ലുക്കിൽ സൂര്യ; ഇത് തിയേറ്ററിൽ കത്തുമെന്ന് ആരാധകർ, 'കറുപ്പ്' ടീസർ എത്തി

ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക്ക്ഗ്രൗണ്ട് സ്കോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമായ കറുപ്പിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചാണ് ടീസർ ഇറക്കിയിരിക്കുന്നത്. മികച്ച വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിക്കുന്നത്. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്.

നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: suriya movie karuppu teaser out now

To advertise here,contact us