അന്തരിച്ച മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടനും മിമിക്രി ആര്ടിസ്റ്റുമായ മനോജ് ഗിന്നസ്. എന്നെ അനുകരിക്കുന്നതില് താങ്കളെയാണ് എനിക്കേറെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറ്റവുമധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്ന് മനോജ് ഗിന്നസ് ഫേസ്ബുക്കിൽ കുറിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളിൽ തനിക്കേറ്റവും പ്രിയപ്പെട്ട നേതാവാണ് വി എസ്സെന്നും മനോജ് ഗിന്നസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയ സഖാവിനു വിട…ഏഷ്യാനെറ്റ് സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു. ലോക മലയാളികൾ അതേറ്റുവാങ്ങി. ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു "എന്നെ അനുകരിക്കുന്നതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു"എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്. ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. അപ്പോൾ 'എനിക്കത്രയേ വിലയൊള്ളോ'എന്ന് പറഞ്ഞു ചിരിച്ചു. ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന് സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Manoj Guinness About v s achuthanandan