ഫോർമുല വൺ റേസിങ് കാർ റേസിങ് സ്പോർട്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴ് ഭാഷയിൽ ചിത്രീകരിക്കാൻ പദ്ധതിയിടുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുക. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കോയമ്പത്തൂർ സ്വദേശിയായ നരെയ്ൻ കാർത്തികേയൻ, കാർ റേസിങ്ങിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ മാറ്റുരച്ചു. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു അരങ്ങേറ്റം. മോട്ടോർ സ്പോർട്സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്മശ്രീ പുരസ്കാരം സ്വന്തമാക്കി.
താത്കാലികമായി NK370 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശാലിനി ഉഷാ ദേവിയാണ് NK370യുടെ രചന നിർവഹിക്കുന്നത്. ഫറാസ് അഹ്സാൻ, വിവേക് രം?ഗാചാരി, പ്രതീക് മൈത്ര എന്നിവരായിരിക്കും നിർമാതാക്കളെന്ന് ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മോട്ടോർസ്പോർട്ടാണ് തനിക്ക് എല്ലാം തന്നതെന്നും അതിന്റെ കഥയായിരിക്കും ചിത്രത്തിലെന്നും നരെയ്ൻ കാർത്തികേയൻ പറഞ്ഞു.റേസിങ് മാത്രമല്ല സിനിമയിൽ നരെയ്ൻ കാർത്തികേയന്റെ ജീവിതയാത്രയും കാണിക്കുമെന്ന് മഹേഷ് നാരായണനും പ്രതികരിച്ചു.
Content Highlights- Mahesh Narayanan to direct biography of Narine Karthikeyan