ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ തുടങ്ങുമെന്നാണ് കരുതുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സിനിമയുടെ ചിത്രീകരണം മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നുവെന്നും എന്നാൽ അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്ന് ജീത്തു പറഞ്ഞു. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതിയിരുന്നുവെന്നും എന്നാൽ അതൊന്നും താൻ വായിച്ചിട്ടില്ലെന്നും ഡിലീറ്റ് ചെയുകയായിരുന്നുവെന്നും ജീത്തു പറഞ്ഞു.
'സെപ്റ്റംബർ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്. തിരക്കഥ പൂർത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്റെ രീതി. എഴുത്തുജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇന്നുരാവിലേയും ചില ഭാഗങ്ങൾ എഴുതി. ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയിൽനിന്ന് സിനിമക്കാർ വരുന്നതായുള്ള വാർത്തകൾ ശരിയാണ്. അവരെല്ലാം തിരക്കഥ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ ചിത്രീകരണം തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു. പക്ഷേ, അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നു.
ദൃശ്യത്തിന്റെ മൂന്നാംഭാഗം ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതി, എനിക്ക് മെയിലയച്ചിട്ടുണ്ട്. അതൊന്നും വായിച്ചുനോക്കാതെ ഡിലീറ്റ് ചെയുകയായിരുന്നു. കഥയുമായി ബന്ധപ്പെട്ട എന്റെ ആലോചനകളെ ഒരുവിധത്തിലും അതൊന്നും സ്വാധീനിക്കരുതെന്ന തീരുമാനമായിരുന്നു അതിനുപിന്നിൽ. രണ്ടാംഭാഗം പൂർത്തിയാക്കിയ സമയത്തുതന്നെ മനസ്സിൽ തുടർച്ചയെക്കുറിച്ചുള്ള ചില ചിന്തകളുണ്ടായിരുന്നു. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ദൃശ്യം 2 എന്റെ വീട്ടിലെ ഹോം തിയേറ്ററിലിരുന്നാണ് ലാലേട്ടൻ കാണുന്നത്. രണ്ടാംഭാഗം അവസാനിപ്പിച്ച രീതി കണ്ടിട്ടാകണം, ഇതിനൊരു മൂന്നാംഭാഗത്തിന് സാധ്യത നോക്കുന്നുണ്ടോയെന്ന് ലാലേട്ടൻ ചോദിച്ചു.
മൂന്നാംഭാഗത്തെക്കുറിച്ചൊന്നും അന്ന് പറയാൻ അറിയില്ലെങ്കിലും വീണ്ടുമൊരു തുടർച്ച വരുന്നുണ്ടെങ്കിൽ കഥ ഇങ്ങനെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുപറഞ്ഞ്, ചില ചിന്തകൾ അദ്ദേഹത്തോട് പങ്കുവെച്ചു.
ജോർജുകുട്ടി ഒരു വരവുകൂടി വരുന്നുണ്ടെങ്കിൽ അതിന്റെ ക്ലൈമാക്സ് ഇത്തരത്തിലാകുമെന്നാണ് അന്നുഞാൻ പറഞ്ഞത്. ലാലേട്ടന് അതിഷ്ടമായി, എഴുതിനോക്കൂ, ശരിയായാൽ മുന്നോട്ടുപോകാം എന്നുപറഞ്ഞ് അദ്ദേഹം മടങ്ങി. മനസ്സിൽ കയറിക്കൂടിയ ആ ചിന്ത മുൻനിർത്തി പിന്നീട് പലപ്പോഴായി ആലോചനകൾ നടന്നു. അതെല്ലാം വളർന്ന് മൂന്നാംഭാഗത്തിലേക്കെത്തുകയായിരുന്നു. ദൃശ്യം 3-ന്റെ ക്ലൈമാക്സായിരുന്നു ആദ്യം മനസ്സിൽ തെളിഞ്ഞത്,' ജീത്തു ജോസഫ് പറഞ്ഞു.
Content Highlights: Jeethu Joseph says Drishyam 3 will not be released in Hindi first