കുട്ടിയെ കൊലപ്പെടുത്തുന്ന രം​ഗം, ആരോപണങ്ങൾക്ക് തെളിവില്ല; 'വെള്ളിനക്ഷത്രം' സിനിമക്ക് എതിരെയുള്ള കേസ് റദ്ദാക്കി

അസ്വസ്ഥതയുണ്ടാക്കുന്ന സീൻ ഉണ്ടെന്നതിന്റെ പേരിൽ മാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: വിനയന്റെ സംവിധാനത്തിന്റെ പൃഥ്വിരാജ് നായകനായി 2004 ൽ റീലീസ് ചെയ്ത സിനിമയാണ് വെള്ളിനക്ഷത്രം. ഈ സിനിമയ്‌ക്കെതിരെ വർഷങ്ങളായി നിലനിൽക്കുന്ന കേസ് കോടതി റദ്ദാക്കി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ശേഷം, കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്ന സീൻ ഉൾപ്പെടുത്തിയെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ വർഷങ്ങളായി തുടരുന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

കാഴ്ചക്കാർക്ക് അസ്വസ്ഥ‌തയുണ്ടാക്കുന്ന രംഗമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസെടുത്ത കേസാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. സിനിമയുടെ വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണു കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്. ആരോപിക്കപ്പെടുന്ന സീൻ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ഉൾക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീൻ ഉണ്ടെന്നതിന്റെ പേരിൽ മാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

വിനയൻ തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഹൊറർ കോമഡി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും കോമഡി സീനിനും ഇന്നും ആരാധകർ ഏറെയാണ്.

Content Highlights: Case against the movie 'Vellinakshatram' dismissed

To advertise here,contact us